അമേരിക്കൻ ജനതയ്ക്ക് സൗജന്യ വാക്സിൻ ജനുവരിയോടെയെന്ന്
വാഷിംഗ്ടൺ: മുഴുവൻ അമേരിക്കൻ ജനതയ്ക്കും സൗജന്യമായി കൊവിഡ് വാക്സിൻ എത്തിക്കാനുള്ള പദ്ധതി യുഎസ് ഫെഡറൽ സർക്കാർ തയ്യാറാക്കുന്നതായി റിപ്പോർട്ട്. ജനങ്ങൾക്ക് വാക്സിൻ സ്വീകരിക്കാൻ പണം കൊടുക്കേണ്ടതില്ലെന്നതിനു പുറമെ വിതരണ ഏജൻസികൾക്കും പണച്ചെലവില്ലാത്ത വാക്സിൻ വിതരണ പദ്ധതിയാണ് അമേരിക്ക സ്വീകരിക്കുന്നതെന്നാണ് വിവരം. വാക്സിൻ തയ്യാറായാൽ അത് വേഗത്തിൽ സൗജന്യമായി എല്ലാ അമേരിക്കക്കാർക്കും എത്തിക്കാനുള്ള ദേശീയ വാക്സിൻ വിതരണ പദ്ധതിയാണ് തയ്യാറാക്കുന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച അറിയിച്ചു. ജനുവരിയോടു കൂടി രാജ്യത്ത് വാക്സിൻ വിതരണം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ കുറച്ച് ഡോസ് വാക്സിനുകൾ മാത്രമായിരിക്കും ലഭിക്കുക എന്നതിനാൽ തുടക്കത്തിൽ ആരോഗ്യപ്രവർത്തകർക്കും അവശ്യസർവീസ് ജീവനക്കാർക്കും രോഗം ഗുരുതരമാകാൻ സാദ്ധ്യതയുള്ള വിഭാഗക്കാർക്കുമായിരിക്കും ആദ്യ പരിഗണന. ആരോഗ്യപ്രവർത്തകരായിരിക്കും ജനങ്ങൾക്ക് വാക്സിൻ നൽകുക. അതിവേഗത്തിൽ വാക്സിൻ ലഭ്യമാക്കാനായി ട്രംപ് ഭരണകൂടം 'ഓപ്പറേഷൻ വാർപ് സ്പീഡ്' പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.