സംവിധായകൻ ബാബു ശിവൻ അന്തരിച്ചു

Friday 18 September 2020 1:08 AM IST

ചെന്നൈ: വിജയ് ചിത്രം വേട്ടൈക്കാരന്റെ സംവിധായകനായ ബാബു ശിവൻ (54) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ രാജീവ് ​ഗാന്ധി ​ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

വിജയ് ചിത്രങ്ങളായ കുരുവിയിലും ഭൈരവയിലും ഇദ്ദേ​ഹം പ്രവർത്തിച്ചിട്ടുണ്ട്.

ഏറെ നാളായി കിഡ്നി സംബന്ധമായ അസുഖങ്ങൾ ബാബു ശിവനെ അലട്ടിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച്ച അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കൾ നീറ്റ് എക്സാം എഴുതുന്നതിനായി പോയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളോടൊപ്പം പോയിരുന്നു.

ഇവർ തിരിച്ചു വീട്ടിലെത്തിയപ്പോൾ ബാബുവിനെ ബോധര​ഹിതനായി കാണുകയായിരുന്നു.

ആദ്യം കൊണ്ടുപോയ ആശുപത്രി കൊവിഡ് സെന്ററായി പ്രവർത്തിക്കുന്നതിനാൽ അവിടെ ചികിത്സക്കായില്ല. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിലെത്തിച്ചു. എന്നാൽ അവിടുത്തെ ചികിത്സാ ചിലവുകൾ താങ്ങാനാവാതെ വന്നതോടെ അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.കുറച്ചേറെ വർഷങ്ങളായി അദ്ദേഹം സിനിമകൾ ചെയ്യാതിരുന്നത് മൂലം സാമ്പത്തിക ബാദ്ധ്യതയിലായിരുന്നു അദ്ദേഹം.