മാദ്ധ്യമ വിചാരണ: രാകുലിന്റെ ഹർജിയിൽ കേന്ദ്രസർക്കാരിന്​ നോട്ടീസ്​

Friday 18 September 2020 1:18 AM IST

ന്യൂഡൽഹി: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവർത്തിയുടെ അറസ്റ്റിനെ തുടർന്ന് തനിക്കെതിരെ നടക്കുന്ന മാദ്ധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും വ്യാജ വാർത്തകൾ നൽകരുതെന്നും ആവശ്യപ്പെട്ട് നടി രാകുൽ പ്രീത് സിംഗിന്റെ ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. നടിയുടെ ഹർജിയിൽ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വാർത്താ വിതരണപ്രക്ഷേപണ മന്ത്രാലയം, ന്യൂസ് ബ്രോഡ്കാസ്റ്റ് അസോസിയേഷൻ, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ എന്നിവർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. അറസ്റ്റിലായ റിയ, രാകുൽ പ്രീത് സിംഗും സാറാ അലി ഖാനും ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് മൊഴി നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതേ തുടർന്ന് ലഹരിമരുന്ന് കേസുമായി രാകുലിനെ ബന്ധപ്പെടുത്തി വാർത്തകൾ വന്നതിനെതിരെയാണ് അഭിഭാഷകൻ അമാൻ ഹിംഗ്‌മോറാനി വഴി നടി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഒക്‌ടോബർ അഞ്ചിന് വീണ്ടും പരിഗണിക്കും.