മോദിയുടെ പിറന്നാൾ: രാജ്യത്ത് ഒരാഴ്‌ച സേവന പരിപാടികൾ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70ാം പിറന്നാൾ ബി.ജെ.പി പ്രവർത്തകർ രാജ്യമെമ്പാടും ഒരാഴ്ച നീളുന്ന സേവന പരിപാടികൾക്ക് (സേവാ സപ്താഹം) തുടക്കമിട്ട് ആഘോഷിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പതിവ് ആഘോഷങ്ങൾ ഇല്ലായിരുന്നു.
എല്ലാ സംസ്ഥാനത്തെയും 70 താലൂക്കുകളിലെ ശാരീരിക വെല്ലുവിളി നേരിടുന്ന 70 പേർക്ക് സഹായമെത്തിക്കുക, ഓരോ ബ്ലോക്കിലെയും 70 പേർക്ക് കണ്ണട നൽകുക, 70 സ്ഥാപനങ്ങൾ ശുചീകരിക്കുക, മരുന്നു വിതരണം, രക്തദാനം തുടങ്ങിയ പരിപാടികളാണ് നടത്തിയത്.
മോദിയുടെ ജീവിത മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിയ പ്രദർശനം ഡൽഹിയിൽ ആരംഭിച്ചു. സൂറത്തിൽ 70,000 വൃക്ഷത്തൈകൾ നട്ടാണ് ജന്മദിനാഘോഷം. സേവാ സപ്താഹ് ഞായറാഴ്ച വരെ നീളും. ബി.ജെ.പി. പ്രവർത്തകർ കോയമ്പത്തൂരിലെ കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ 70 കിലോ ലഡു വിതരണം ചെയ്‌തു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധി, അമിത്ഷായും രാജ്‌നാഥ് സിംഗും അടക്കമുള്ള മന്ത്രിമാർ, എം.പിമാർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നഡ്ഢ, ലതാ മങ്കേഷ്‌കർ, കങ്കണ റണൗട്ട്, മോഹൻലാൽ, സുരേഷ്‌ഗോപി , ഉണ്ണിമുകുന്ദൻ , രജനികാന്ത് തുടങ്ങി നിരവധി പേർ മോദിക്ക് ആശംസ നേർന്നു.
'പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ' എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. 'ജന്മദിനാശംസകൾ നേരുന്നു സർ. ആയുരാരോഗ്യവും എല്ലാവിധ സന്തോഷങ്ങളും നേരുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്.
മോദിക്ക് ആശംസകൾ നേർന്ന് ലോകനേതാക്കൾ
ജർമ്മൻ ചാൻസലർ ആഞ്ജല മെർക്കൽ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിൻ, ഫിൻലാൻഡ് പ്രധാനമന്ത്രി സന്നാ മാരിൻ, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി തുടങ്ങിയ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 70ാം ജന്മദിനാശംസകൾ നേർന്നു.. മോദിയെ നരേന്ദ്ര എന്ന് വിശേഷിപ്പിച്ചാണ് ആഞ്ജല മെർക്കൽ ആശംസ നേർന്നത്.ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ ഞങ്ങൾ വിജയിച്ചു. മോദിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വിജയം ഉണ്ടാകട്ടെയെന്നും അവർ ആശംസിച്ചു.മെർക്കലിന്റെ സന്ദേശം മോദി ട്വിറ്ററിൽ പങ്കുവച്ചു.തങ്ങളുടെ സൗഹൃദത്തെ അങ്ങേയറ്റം വിലമതിക്കുന്നുവെന്ന് വ്ളാഡിമർ പുട്ടിൻ പറഞ്ഞു. . ആരോഗ്യം, സന്തോഷം, ക്ഷേമം എന്നിവയും എല്ലാാവിജയങ്ങളും നേരുന്നതായും പുട്ടിൻ മോദിക്കയച്ച സന്ദേശത്തിൽ പറയുന്നു.