ഗാന്ധി   കുടുംബത്തിനെതിരായ ആരോപണം, മന്ത്രി അനുരാഗ് താക്കൂറിനെതിരെ പ്രതിഷേധം, ലോക്സഭ സംഘർഷഭരിതം

Friday 18 September 2020 9:41 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുണ്ടാക്കിയത് ഗാന്ധി കുടുംബത്തിന് വേണ്ടിയാണെന്ന കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിന്റെ പ്രസ്താവനയെ തുടർന്ന് ലോക്സഭയിൽ ഭരണപ്രതിപക്ഷങ്ങൾ തമ്മിലേറ്റുമുട്ടി. പ്രതിഷേധങ്ങളെ തുടർന്ന് നാലാം തവണയും സഭ നിറുത്തിവച്ചു.

പി.എം കെയറുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ആരോപണം ഉയർത്തിയിരുന്നു. പി.എം കെയേര്‍സ് സുതാര്യമല്ലെന്നും ഇതിൽ അഴിമതിയുണ്ടെന്നും ശശി തരൂർ ഉൾപ്പെടെയുളള നേതാക്കൾ ആരോപിച്ചു. പി.എം കെയേര്‍സ് ഫണ്ടിനെ അനുകൂലിച്ച് കൊണ്ട് ആരോപണങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് അനുരാഗ് താക്കൂര്‍ ഗാന്ധി കൂടുംബത്തിനെതിരായ പരാമർശം നടത്തിയത്.

പി.എം കെയേര്‍സ് നിയമപരമായി രജിസ്റ്റർ ചെയ്തതാണെന്നും ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ പി.എം കെയേര്‍സ് ഫണ്ടിനെ അംഗീകരിച്ചതാണെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. പി.എം കെയേര്‍സ് 130 കോടി ജനങ്ങള്‍ക്കുളളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാല്‍ നെഹ്റു പ്രധാനമന്ത്രി ആയിരിക്കുമ്പോൾ ആരംഭിച്ച പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇന്ന് വരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ട്രസ്റ്റുണ്ടാക്കിയത് ഗാന്ധി കുടുംബത്തിന് വേണ്ടിയാണെന്നും അനുരാഗ് താക്കൂര്‍ ലോക്സഭയിൽ പറഞ്ഞു. നെഹ്‌റുവും സോണിയാ ഗാന്ധിയും ദേശീയ ദുരിതാശ്വാസ നിധി അംഗങ്ങളാണെന്നും ഇത് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ അനുരാഗ് താക്കൂറിനെതിരെ സഭയിൽ പ്രതിഷേധമുയർത്തിയത്. പ്രതിപക്ഷത്തെ അപമാനിക്കാന്‍ സ്പീക്കര്‍ ബി.ജെ.പി അംഗങ്ങളെ അനുവദിക്കുകയാണെന്ന് കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് പറഞ്ഞു. പ്രതിഷേധം ശക്തമായതോടെയാണ് സഭാ നടപടികൾ നിറുത്തിവച്ചത്. അതേസമയം പ്രതിഷേധങ്ങളെ തുടർന്ന് അനുരാഗ് താക്കൂർ ഖേദം പ്രകടിപ്പിച്ചു. “ആരുടെയും വികാരത്തെ വ്രണപ്പെടുത്താൻ എനിക്ക് ആഗ്രഹമില്ല. ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ ഞാൻ ഖേദിക്കുന്നു" അനുരാഗ് താക്കൂർ പറഞ്ഞു.