ശുക്രനിലെ ജീവൻ തേടി നാസ
വാഷിംഗ്ടൻ: ശുക്രനിൽ ജീവനുണ്ടോയെന്ന് അന്വേഷിക്കാനുള്ള ശാസ്ത്ര ദൗത്യത്തിനൊരുങ്ങി നാസ. ഇതുൾപ്പെടെ നാലു നിർദേശങ്ങളാണ് നാസയുടെ പരിഗണനയിലുള്ളത്. ഫെബ്രുവരിയിലാണ് നാസയ്ക്കുമുന്നിൽ നാലു ബഹിരാകാശ ദൗത്യങ്ങൾ വന്നത്. ഇതിൽ രണ്ടെണ്ണം ശുക്രനിലേക്കുള്ള റോബോട്ടിക് ദൗത്യങ്ങളാണ്. ഇതിലൊരണ്ണം ശുക്രന്റെ അന്തരീക്ഷ പഠനത്തിനു വേണ്ടിയുള്ളതാണ്. ഡാവിഞ്ചി പ്ലസ് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. വ്യാഴത്തിന്റെ ചന്ദ്രനായ സജീവ അഗ്നിപർവതം ലോ എന്നതിലേക്കുള്ള ദൗത്യം ഐവിഒ, നെപ്ട്യൂണിലിന്റെ ചന്ദ്രൻ ട്രിറ്റോണിലേക്കുള്ള ട്രൈഡന്റ് ദൗത്യം, ശുക്രന്റെ ജിയോളജിക്കൽ ചരിത്രം മനസിലാക്കുന്നതിനുവേണ്ടിയുള്ള വേരിറ്റാസ് ദൗത്യം എന്നിവയാണ് നാസയുടെ മുന്നിലുള്ളത്. ഇതിൽ ഒന്നോ രണ്ടോ ദൗത്യങ്ങളാണ് നാസ പരിഗണനയിലെടുക്കുക. ശുക്രനിൽ സൂക്ഷ്മജീവി സാന്നിദ്ധ്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഒരു രാജ്യാന്തര ഗവേഷക സംഘത്തിന്റെ റിപ്പോർട്ട് തിങ്കളാഴ്ച പുറത്തുവന്നിരുന്നു.
ശുക്രനു മുകളിലുള്ള മേഘങ്ങളിൽ ഫോസ്ഫീൻ വാതകം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഓക്സിജന്റെ അഭാവത്തിൽ ചില സൂക്ഷ്മാണുക്കളെ ഉൽപ്പാദിപ്പിക്കുന്ന വാതകമാണ് ഫോസ്ഫീൻ. ഭൂമിക്ക് പുറത്ത് ജീവനുണ്ടാകാൻ സാധ്യതയുണ്ടെന്നതിന്റെ ശക്തമായ തെളിവാണ് ഇത്.