ഈ അമ്മ കാത്തിരിക്കുന്നു; ഉറപ്പുള്ള വീടിനും വെളിച്ചത്തിനും
വെഞ്ഞാറമൂട്: കല്ലറ ഗ്രാമപഞ്ചായത്തിലെ ആനക്കുഴി ചരുവിള വീട്ടിൽ ദേവകിഅമ്മ (78) അടച്ചരിപ്പുള്ള വീടിനായി കാത്തിരിക്കാൻ തുടങ്ങായിട്ട് വർഷങ്ങളായി. മുതുവിള കല്ലറ റോഡിൽ ആനക്കുഴി ചരുവിളയിൽ പകുതിയിലേറെ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ച കൂരയിലാണ് ഇവർ ഇപ്പോൾ അന്തിയുറങ്ങുന്നത്.
കിണറില്ലാത്തതിനാൽ 500 മീറ്റർ അകലെ കുന്നിൻ മുകളിലുള്ള അയൽക്കാരൻെറ വീട്ടിൽ നിന്ന് കുടിവെള്ളം ചുമന്നാണ് കൊണ്ടു വരുന്നത്. 20 വർഷം മുമ്പ് പഞ്ചായത്തിൽ നിന്ന് പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി 27500 രൂപ അനുവദിച്ചപ്പോഴാണ് ഒറ്റമുറി കൂര നിർമ്മിച്ചത്. പക്ഷേ വീട്ടുനമ്പർ കിട്ടുന്നതിന് വർഷങ്ങളായി പഞ്ചായത്തിൽ കയറിയിറങ്ങുകയാണ്.
വീട്ടുനമ്പരില്ലാത്തതിനാൽ ദേവകിഅമ്മയ്ക്ക് വൈദ്യുതിയും അന്യമാണ്. അതിനിടെ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരച്ചില്ല വീണ് വീടിൻെറ മേൽക്കൂര തകർന്നിട്ടുണ്ട്. തന്നെ തിരക്കി പഞ്ചായത്ത് അധികൃതർ എത്തിയിട്ടില്ലെന്ന് ഇവർ പറയുന്നു.
ശാരീരിക അവശതകൾ കാരണം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത ദേവകിഅമ്മ കുന്നിൻചരുവിലെ വീട്ടിൽ ഇരുട്ടിലാണ് കഴിയുന്നത്. തലചായ്ക്കാൻ വൃത്തിയുള്ളൊരു വീടിനായ് അപേക്ഷ നൽകി കാത്തിരിക്കുന്ന ദേവകിഅമ്മയുടെ ഒറ്റമുറി കൂരക്ക്നമ്പരിട്ട് കിട്ടുവാൻ കല്ലറ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.