യുവാവിന്റെ ആത്മഹത്യ:യുവതിക്ക് മൂന്നുവർഷം തടവും പിഴയും

Saturday 19 September 2020 4:49 AM IST

കൊല്ലം: കടം കൊടുത്ത നാലര ലക്ഷം രൂപ തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌ത കേസിൽ പ്രതിയായ സ്ത്രീക്ക് മൂന്നുവർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ. മൺറോത്തുരുത്ത് കിടപ്രം വടക്കേ മുറിയിൽ മലയിൽ കടവിന് സമീപം നന്ദനം വീട്ടിൽ മിനിമോളെയാണ് (37) കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.അയൽവാസിയായ മലയിൽകടവിൽ പുന്നമൂട്ടിൽ വീട്ടിൽ സുധീർ (41) ആത്മഹത്യ ചെയ്‌ത കേസിലാണ് ശിക്ഷ. പിഴയൊടുക്കിയില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. 2016 ജൂൺ 18നാണ് സുധീർ ആത്മഹത്യ ചെയ്തത്. മിനിമോൾ സുധീറുമായി നേരത്തെ അടുപ്പത്തിലായിരുന്നു. ആ സമയത്ത് സുധീറിന്റെ ഭാര്യ സ്മിത ആത്മഹത്യ ചെയ്ത കേസിൽ സുധീറും മിനിമോളും പ്രതികളാണ്. മിനിമോൾക്ക് കടമായി നൽകിയ നാലര ലക്ഷം രൂപ തിരികെ നൽകാതെ കബളിപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് സുധീറും ആത്മഹത്യ ചെയ്തത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സുധീർ തന്റെ മുറിയിലെ ഭിത്തിയിൽ കരിവച്ച് ആത്മഹത്യാകുറിപ്പ് എഴുതിയിരുന്നു.

ശരീരത്തിൽ ഒളിപ്പിച്ചുവച്ചിരുന്ന ആത്മഹത്യാകുറിപ്പ് ഇൻക്വസ്റ്റിനിടെ പൊലീസ് കണ്ടെത്തുകയും ചെയ്തു. മിനിമോളും സുധീറും തമ്മിലുണ്ടായിരുന്ന അടുപ്പത്തെ കുറിച്ച് സുധീറിന്റെ മകന്റെ മൊഴിയും ആത്മഹത്യാകുറിപ്പുകളും നിർണായക തെളിവായി. വിവരങ്ങൾ രേഖപ്പെടുത്തിയിരുന്ന സുധീറിന്റെ ഡയറിയും തെളിവായി കോടതിയിലെത്തി. മിനിമോൾക്ക് 17, 15 വയസുള്ള രണ്ട് പെൺമക്കൾ ഉണ്ടെന്ന കാര്യം പരിഗണിച്ചാണ് കോടതി കുറഞ്ഞ ശിക്ഷ നൽകിയത്. കിഴക്കേ കല്ലട പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.കെ. മനോജ് ഹാജരായി.