85000 കടന്ന് കൊവിഡ് മരണം

Saturday 19 September 2020 12:26 AM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷവും മരണം 85,000വും കടന്നു. രോഗമുക്തരുടെ എണ്ണം 41 ലക്ഷം പിന്നിട്ടു. വ്യാഴാഴ്ച 93,220 രോഗികൾ. 1175 പേർ കൂടി മരിച്ചു. അതേസമയം പ്രതിദിനരോഗമുക്തിയിൽ ഇന്ത്യ പുതിയ നേട്ടത്തിലെത്തിയതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,472 പേരാണ് രോഗമുക്തരായത്. ഇത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണ്. കഴിഞ്ഞ 11 ദിവസമായി പ്രതിദിനം 70,000ത്തിലധികംപേരാണ് രോഗമുക്തരാകുന്നത്. രോഗമുക്തിനിരക്ക് 78.86 ശതമാനമായി ഉയർന്നു. ഇതുവരെ രോഗം ഭേദമായത് 41,12,551 പേർക്കാണ്.

രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ 4.04 ഇരട്ടിയാണ്. ചികിത്സയിലുള്ളവരേക്കാൾ 30,94,797 കൂടുതലാണ് രോഗമുക്തർ.

ഉയർന്ന രോഗബാധയുള്ള അഞ്ചു സംസ്ഥാനങ്ങളാണ് രോഗമുക്തിയിലും മുന്നിലുള്ളത്. രാജ്യത്തെ 59.8 ശതമാനം രോഗബാധിതരും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ്. രോഗമുക്തരുടെ 59.3 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.

 മഹാരാഷ്ട്രയിൽ 434 പൊലീസുകാർക്ക് കൂടി കൊവിഡ്. നാലു പേർ കൂടി മരിച്ചു. ആകെ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 20,801. മരണം 212.  മഹാരാഷ്ട്രയിൽ ഊർജ്ജമന്ത്രി നിതിൻ റൗട്ടിന് കൊവിഡ്. സംസ്ഥാനത്ത് രോഗം ബാധിക്കുന്ന ഒൻപതാമത്തെ മന്ത്രിയാണ് ഇദ്ദേഹം.