കൊലക്കേസിൽ അഞ്ചുവർഷം കഠിന തടവ്

Saturday 19 September 2020 12:33 AM IST

കൊല്ലം: ഗൃഹനാഥനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അയൽവാസിക്ക് അഞ്ചുവർഷം കഠിന തടവ്. പടിഞ്ഞാറേകല്ലട വലിയപാടം മഞ്ചു ഭവനിൽ വെളിയം ശശി എന്ന് വിളിക്കുന്ന ശശിയെ (64) കൊല്ലം രണ്ടാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. ശശിയുടെ അയൽവാസിയായ അശ്വതി ഭവനത്തിൽ അനിൽകുമാറിനെ കൊലപ്പെടുത്തിയ കേസിൽ ആറുവർഷത്തിന് ശേഷമാണ് ശിക്ഷ. 2014 സെപ്തംബർ 6ന് ഉത്രാട ദിനത്തിലായിരുന്നു കൊലപാതകം.

വൈകിട്ട് അഞ്ചരയോടെ വലിയപാടം വിളന്തറ എൻ.എൻ.ഡി.പി ശാഖാ മന്ദിരം ജംഗ്ഷനിൽ നിന്ന് ആരോമൽ മെറ്റൽ ക്രഷറിലേക്ക് പോകുന്ന റോഡിൽ വച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്ഥിരം മദ്യപാനിയായ ശശി അനിൽകുമാറിന്റെ വീടിന് മുന്നിലെത്തി അസഭ്യം പറയുന്നത് പതിവായിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം.

വഴിയിൽവച്ച് അനിൽകുമാറിനെ അസഭ്യം പറഞ്ഞ് വഴക്കുണ്ടാക്കിയ ശേഷം വാഴക്കുലകൾക്ക് താങ്ങായി ഉപയോഗിക്കുന്ന പച്ച ഇലവിന്റെ കമ്പുകൊണ്ട് അനിൽകുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പേ അനിൽ മരിച്ചു. ശശിയുടെ പ്രായവും അനാരോഗ്യവും കണക്കിലെടുത്താണ് ശിക്ഷ അഞ്ച് വർഷമാക്കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി.