'ഹലോ,​ ഉപമുഖ്യമന്ത്രി സ്പീക്കിംഗ്..., മരുമകളെ സ്വത്ത് വിൽക്കാൻ അനുവദിക്കൂ'

Saturday 19 September 2020 1:33 AM IST

വ്യാജഫോൺവിളി നടത്തിയ 25കാരൻ പിടിയിൽ

ന്യൂഡൽഹി: 'ഹലോ ഞാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറാണ്. നിങ്ങളുടെ പൂർവിക സ്വത്ത് വിൽക്കാൻ അനുവദിക്കണം. അതിന്മേൽ തർക്കം വേണ്ട."

- സംഭാഷണം കേട്ട് ഞെട്ടണ്ട. അജിത് പവാറിന്റെ പേരിൽ ഒരു 25കാരനാണ് അയൽവാസികളെ വിളിച്ച് കബളിപ്പിച്ചത്. മഹാരാഷ്ട്രയിലെ പൂനയിലുള്ള ഖഡാക്കി ഗ്രാമത്തിലാണ് രസകരമായ സംഭവം നടന്നത്. പക്ഷേ സംഭവത്തിന്റെ ക്ളൈമാക്സിൽ അയൽവാസിയായ പയ്യൻ പൊലീസ് പിടിയിലായി. ഫോൺകോൾ വ്യാജമാണെന്ന് തോന്നിയ വീട്ടുകാർ പൊലീസിനെ സമീപിച്ചതോടെയാണ് ഡ്യൂപ്ളിക്കേറ്റ് ഉപമുഖ്യമന്ത്രി അഴിക്കുള്ളിലായത്.

പൂർവിക സ്വത്ത് വിൽക്കണമെന്ന നിലപാടിലായിരുന്നു ആ വീട്ടിലെ മരുമകൾ. മറ്റു കുടുംബക്കാർ അതിനെ എതിർത്തു. ഇതിന്മേൽ കു‌ടുംബത്തിൽ എന്നും തർക്കം രൂക്ഷമായിരുന്നു. അതിനിടെയാണ് അയൽവാസിയായ 25കാരൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാണ് എന്ന് പറഞ്ഞ് കുടുംബത്തിലെ ഒരംഗത്തെ വിളിച്ച് ആസ്തി വിൽക്കാൻ അനുവദിക്കാൻ ആവശ്യപ്പെട്ടത്. സംശയം തോന്നിയ കുടുംബം പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുടുംബത്തെ പേടിപ്പിക്കാനാണ് അങ്ങനെ ചെയ്തതെന്നാണ് യുവാവ് പൊലീസിന് നൽകിയ മൊഴി.