റംസിയുടെ ആത്മഹത്യ; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്
കൊട്ടിയം: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്.എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണ ചുമതല കൈമാറി. വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസിയാണ് ജീവനൊടുക്കിയത്.
10 വർഷത്തോളമായി റംസിയും പള്ളിമുക്ക് സ്വദേശി ഹാരിസും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നു. വളയിടൽ ചടങ്ങുകളും മറ്റ് സാമ്പത്തിക ഇടപാടുകളും കഴിഞ്ഞശേഷം ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.യുവാവ് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതോടെയാണ് റംസിയുമായുള്ള വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
ആഴ്ചകൾക്ക് മുമ്പാണ് റംസിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ഹാരിസിനെതിരെ റംസിയുടെ വീട്ടുകാർ നൽകിയ പരാതി പൊലീസ് കാര്യമായെടുത്തിരുന്നില്ല. സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.