കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജൂവലറിയിൽ നികുതി വെട്ടിപ്പ്; 1.41 കോടി വെട്ടിച്ചെന്ന് ഇന്റലിജൻസ്

Saturday 19 September 2020 9:08 AM IST

കാസർകോട്: എം.സി കമറുദ്ദീൻ എം.എൽ.എ ചെയർമാനായ ഫാഷൻഗോൾഡ് ജൂവലറിയിൽ നിക്ഷേപ തട്ടിപ്പുകൾക്ക് പുറമേ നികുതി വെട്ടിപ്പും കണ്ടെത്തി. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ഫാഷൻഗോൾഡ് ജൂവലറി ശാഖകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പിഴയും പലിശയുമടക്കം ജി.എസ്.ടി വകുപ്പ് ചുമത്തിയ തുക ഇതുവരെയും അടച്ചിട്ടില്ല.

എം.സി കമറുദ്ദീൻ എം.എൽ.എ ചെയർമാനായ കാസർകോട് കമർ ഫാഷൻ ഗോൾ‍ഡ്, ചെറുവത്തൂരിലെ ന്യൂ ഫാഷൻ ഗോൾഡ് ജൂവലറി ശാഖകളിൽ കഴിഞ്ഞ വർഷം ഡിസംബറിലാണ് ജി.എസ്.ടി വകുപ്പ് റെയ്ഡ് നടത്തിയത്. 2019 ജൂലായ്ക്ക് ശേഷം നികുതി അടയ്ക്കാത്തതിനെ തുടർന്നായിരുന്നു റെയ്ഡ്. ആസ്തി സംബന്ധിച്ച കണക്ക് പ്രകാരം കാസർകോട് ജൂവലറി ശാഖയിൽ വേണ്ട 46 കിലോ സ്വർണവും ചെറുവത്തൂരിലെ ജൂവലറിയിൽ ഉണ്ടാകേണ്ട 34 കിലോ സ്വർണവും കാണാനില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.

സ്വർണം നിക്ഷേപകർ പിൻവലിച്ചു എന്നാണ് എം.എൽ.എ നൽകുന്ന വിശദീകരണം. എന്നാൽ ഇത് സംബന്ധിച്ച് രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇത്തരം ഇടപാടുകൾ നിയമവിരുദ്ധമാണെന്നും നികുതി വെട്ടിപ്പാണെന്നും കണ്ടെത്തിയ ജി.എസ്.ടി വകുപ്പ് നികുതിയും പിഴയും പലിശയുമടക്കം 2020 ഓഗ്സ്റ്റ് 30 നകം അടക്കേണ്ട തുക വ്യക്തമാക്കി നോട്ടീസ് നൽകി. കാസർകോട് ജൂവലറി 84,82744 രൂപയും ചെറുവത്തൂരിലെ ജൂവലറി 5,43087 രൂപയുമാണ് അടക്കേണ്ടിയിരുന്നത്.