കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായവ സ്‌കൂളുകൾ വാങ്ങി നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്

Saturday 19 September 2020 11:42 AM IST

ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കമുള‌ള കുട്ടികൾക്കായി പഠത്തിനാവശ്യമായ ഗാഡ്‌ജ‌റ്റുകളും ഇന്റർനെ‌റ്റ് കണക്ഷനും സർക്കാർ, സ്വകാര്യ സ്‌കൂളുകൾ തന്നെ ഏർപ്പെടുത്തി കൊടുക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. കൊവിഡ് ലോക്‌ഡൗൺ കാലത്ത് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനത്തിനായി മൊബൈൽ ഫോണുകളും ഗാഡ്‌ജറ്റുകളും ലാപ്‌ടോപും വാങ്ങി നൽകാൻ കേന്ദ്ര,ഡൽഹി സർക്കാരുകളോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഖഗേഷ് ഛാ 'ജസ്‌റ്റിസ് ഫോർ ഓൾ' എന്ന സംഘടനയുടെ പേരിൽ നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്.

2009ലെ സൗജന്യമായി വിദ്യാഭ്യാസത്തിനുള‌ള നിയമമനുസരിച്ച് ഇവ നിർബന്ധമായും വാങ്ങി നൽകണമെന്ന് സ്വകാര്യ സ്‌കൂളുകളോട് കോടതി ആവശ്യപ്പെട്ടു. ഇതിനായി ചിലവഴിക്കുന്ന പണം സർക്കാരിനോട് സ്‌കൂളുകൾക്ക് ആവശ്യപ്പെടാം. പണമില്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാതിരിക്കുന്നത് വേർതിരിവായും ഡിജി‌റ്റൽ വർണവിവേചനമായുമാണ് കോടതി കണ്ടത്. ഗാഡ്‌ജറ്റ് ഇല്ലാത്തതിന്റെയോ മ‌റ്റ് കാരണങ്ങളാലോ കുട്ടികളെ വിദ്യാഭ്യാസത്തിൽ നിന്ന് അകറ്റുന്നത് അവരിൽ അപകർഷതാ ബോധം സൃഷ്‌ടിക്കപ്പെടാൻ കാരണമാകും. സാമ്പത്തികമായമായി പിന്നോക്കം നിൽക്കുന്നവരാണെന്ന് ഉറപ്പാക്കി വേണം ഉത്തരവ് നടപ്പാക്കാനെന്ന് ജസ്‌റ്റിസ് മൻമോഹൻ, സഞ്ജീവ് നരുല എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

2009ലെ വിദ്യാഭ്യാസ നിയമപ്രകാരം സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം സാമ്പത്തികമാമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സ്വകാര്യ സ്‌കൂളുകൾ സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന് ചട്ടമുണ്ട്. പഠനോപകരണങ്ങൾ വിതരണം ചെയ്യാനായി മൂന്നംഗ കമ്മി‌റ്റി രൂപീകരിക്കാനും കോടതി നിർദ്ദേശിച്ചു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയോ അദ്ദേഹം ശുപാർശ ചെയ്യുന്ന ആളോ, ഡൽഹി വിദ്യാഭ്യാസ സെക്രട്ടറി,സ്വകാര്യ സ്‌കൂളുകളുടെ പ്രതിനിധി എന്നിവരാണ് കമ്മി‌റ്റിയിൽ ഉണ്ടാകേണ്ടത്. സഹായം ആവശ്യമായ കുട്ടികളെ കണ്ടെത്താനും അവർക്ക് മതിയായ സഹായമേകാനും കമ്മി‌റ്റി ശ്രദ്ധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.