മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങുമെന്ന് കണ്ടപ്പോൾ കോടിയേരി വർഗീയത ഇളക്കി വിടുന്നു; മുഖ്യമന്ത്രിയുടെ ശ്രമം വർഗീയ ചേരിതിരിവിനെന്ന് ചെന്നിത്തല

Saturday 19 September 2020 1:12 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന് കളളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ മൗനം പാലിച്ച കോടിയേരി ബാലകൃഷ്‌ണൻ സ്വന്തം മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങുമെന്ന് കണ്ടപ്പോഴാണ് കേസിനെ അട്ടിമറിക്കാൻ രംഗത്തെത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് മനസിലാക്കാനുളള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്. ആദ്യം തന്നെ ആർ.എസ്.എസായി മുദ്രകുത്താൻ ശ്രമിച്ചു. ഇപ്പോൾ മറ്റൊരു വർഗീയത ഇളക്കിവിടാനുളള ശ്രമവുമായി കോടിയേരി രംഗത്തെത്തിയിരിക്കുകയാണ്. പച്ചയ്‌ക്ക് വർഗീയത പറയുന്ന പാർട്ടിയായി സി.പി.എം അധപതിച്ചെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ജനങ്ങളെ ഒന്നിച്ചുനിർത്തേണ്ട മുഖ്യമന്ത്രി തന്നെ വർഗീയ ചേരിതിരിവിന് ശ്രമിക്കുകയാണ്. കോടിയേരി വർഗീയത ഇളക്കിവിടുന്നത് ബി.ജെ.പിയെ സഹായിക്കാനാണ്. ബി.ജെ.പിയ്ക്ക് സ്‌പെയ്‌സുണ്ടാക്കി കൊടുക്കാനാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ശബരിമലയെ യുദ്ധക്കളമാക്കാൻ ബി.ജെ.പിക്ക് അവസരം കൊടുത്തത് സി.പി.എം ആണ്. ബി.ജെ.പിയെ ശക്തിപ്പെടുത്താനുളള തന്ത്രമാണ് സി.പി.എമ്മിന്റേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കളളക്കടത്ത് കേസ് ജനം ചർച്ച ചെയ്യാതെ ഇരിക്കാനുളള നടപടിയാണ് സി.പി.എമ്മിന്റേത്. ഒരു കാര്യവും ഇല്ലെങ്കിൽ ജലീലിനെ മൂന്ന് കേന്ദ്ര ഏജൻസികൾ മാറി മാറി ചോദ്യം ചെയ്യുന്നത് എന്തിനെന്ന് വ്യക്തമാക്കണം. ജലീൽ തലയിൽ മുണ്ടിട്ട് പോകുന്നതിനേയും മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദേശത്തോടെയാണ് ജലീൽ തലയിൽ മുണ്ടിട്ട് പോകുന്നത്. സത്യം മാത്രമേ ജയിക്കൂവെന്ന് പറയുന്ന മന്ത്രി കളളം മാത്രമാണ് ചെയ്‌തു കൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.