'കാവേരിയുടെ സ്ഥാനത്ത് മ‌റ്റാരെയും എനിക്ക് കാണാനാവില്ല. അവളുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്'; നടി കാവേരിയുമായുള‌ള വിവാഹബന്ധം തകർന്നതിനെ കുറിച്ച് സംവിധായകൻ സൂര്യകിരൺ

Saturday 19 September 2020 2:18 PM IST

മലയാളികൾക്കെല്ലാം പ്രിയങ്കരിയായ നടിയാണ് കാവേരി. ചമ്പക്കുളം തച്ചൻ, ഗുരു, ഉദ്യാനപാലകൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ കാവേരി നായികയായും പ്രധാന വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക് സിനിമകളിലും സജീവമായി നിൽക്കെ 2010ലായിരുന്നു തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരണുമായുള‌ള നടിയുടെ വിവാഹം. എന്നാൽ ദാമ്പത്യ പ്രശ്‌നങ്ങൾ നിമിത്തം ഇരുവരും വേർപിരിഞ്ഞു എന്നാണ് പിന്നീട് അറിഞ്ഞത്. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല.

എന്നാലിപ്പോൾ ആദ്യമായി സൂര്യകിരൺ ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഈ കാര്യങ്ങളെ കുറിച്ച് സൂര്യ കിരൺ സംസാരിച്ചത്. മലയാളം,തമിഴ് ചലച്ചിത്രതാരം സുചിതയുടെ സഹോദരനാണ് സൂര്യകിരൺ.'അവൾ എന്നെ ഉപേക്ഷിച്ചുപോയി. അതെന്റെ തീരുമാനമല്ല. ഞാൻ അവളെ ഇപ്പോഴും സ്‌നേഹിക്കുന്നു. അവളുടെ സ്ഥാനത്ത് മ‌റ്റാരെയും കാണാൻ എനിക്കാവില്ല. അവൾ തിരികെവരാനായി കാത്തിരിക്കുകയാണ്.' വികാരാധീനനായി സൂര്യകിരൺ പറയുന്നു.

ബിഗ്ബോസ് തെലുങ്ക് വിഭാഗം മത്സരാർത്ഥിയായിരുന്നു സൂര്യകിരൺ. എന്നാൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ഇതിന് ശേഷം നൽകിയ അഭിമുഖത്തിലാണ് സൂര്യകിരൺ തന്റെ മനസ് തുറന്നത്.