തിങ്കളാഴ്ച മുതൽ തുറക്കാനൊരുങ്ങി രാജ്യത്തെ സ്കൂളുകൾ, വിദ്യാർത്ഥികൾക്കായി പ്രത്യേക മാർഗ നിർദേശങ്ങൾ
ന്യൂഡൽഹി: ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുറക്കാനൊരുങ്ങി രാജ്യത്തെ സ്കൂളുകൾ. അസാം,ജമ്മു കാശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, നാഗാലാന്റ്,മേഘാലയ, ആന്ധ്രപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ സ്കൂളുകളാണ് സെപ്റ്റംബർ 21 മുതൽ തുറന്ന് പ്രവർത്തിക്കുക. കേന്ദ്ര സർക്കാർ നിർദേശ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള ആദ്യഘട്ട നടപടിയാണിത്. കണ്ടെയ്ൻമെന്റ് സോണിലുളള സ്കൂളുകൾ തുറക്കില്ലെന്നും അധികൃതർ അറിയിച്ചു. സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി പ്രത്യേക മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
കൊവിഡ് വെെറസ് വ്യാപനം രാജ്യത്ത് രൂക്ഷമാകുന്നതിനിടെയാണ് സ്കൂളുകൾ തുറക്കാൻ അധികൃതർ ഒരുങ്ങുന്നത്.ഇതിനാൽ തന്നെ ശക്തമായ സുരക്ഷാ നടപടികളും പരിശോധനയും സ്കൂളുകളിൽ നടത്താൻ നിർദേശമുണ്ട്. മുതിർന്ന കുട്ടികൾക്ക് വേണ്ടി മാത്രമാണ് നിലവിൽ സ്കൂളുകൾ തുറക്കുക. സ്കൂളിലെത്തുന്ന മുഴുവൻ വിദ്യാർത്ഥികളും മാതാപിതാക്കളുടെ അനുമതി വാങ്ങിയിരിക്കണം. അസംബ്ലിയോ മറ്റുപരിപാടികളോ നടത്താൻ പാടില്ല. തുറസായ സ്ഥലത്ത് മാത്രമെ ക്ലാസ് നടത്താൻ അനുമതിയുളളു. നിലവിലുളള ഓൺലെെൻ ക്ലാസുകൾ തുടരും. സ്കൂളിലേക്ക് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മാത്രമെ പ്രവേശനം അനുവദിക്കാവു. ഏവരുടെയും താപപരിശോധന നടത്തുകയും സാനിറ്റെെസർ നൽകുകയും വേണം. തുടങ്ങിയ മാർഗനിർദേശങ്ങളാണ് സ്കൂളുകൾ തുറക്കുന്നതിനായി കേന്ദ്രം പുറപ്പെടുവിച്ചിട്ടുളളത്.
അതേസമയം വെെറസ് വ്യാപനം രൂക്ഷമാകുന്നതിനിടെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനോട് കേരളം ഉൾപ്പെടെയുളള മറ്റു സംസ്ഥാനങ്ങൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്നതിന് പകരം ഓൺലെെൻ ക്ലാസുകൾ തുടരാനാണ് ഈ സംസ്ഥാനങ്ങളുടെ തീരുമാനം.