'ബ്ലാക്ക് ലൈവ്സ് പ്രതിഷേധ'ക്കാരെല്ലാം കൊള്ളക്കാർ ഗാന്ധിയെ പോലും വെറുതെവിട്ടില്ല: ട്രംപ്
വാഷിംഗ്ടൺ: അമേരിക്കയിൽ ആഫ്രോ അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ചവരെ 'ഒരു കൂട്ടം കൊള്ളക്കാരെ'ന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. പ്രതിഷേധക്കാർ വാഷിംഗ്ടണിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയെ പോലും വെറുതെ വിട്ടില്ലെന്നും അതിലൂടെ അവർ ഒരു കൂട്ടം കൊള്ളക്കാരാണെന്ന് തെളിയിച്ചതായും ട്രംപ് പറഞ്ഞു. . 'എബ്രഹാം ലിങ്കന്റെ പ്രതിമ തകർത്തായിരുന്നു ആരംഭം. പിന്നീട് ജോർജ് വാഷിംഗ്ടണിനെയും തോമസ് ജെഫേഴ്സണെയും ആക്രമിച്ചു. മഹാത്മഗാന്ധിയെപ്പോലും അവർ വെറുതെ വിട്ടില്ല.അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് പോലും അറിയില്ല' -ട്രംപ് കൂട്ടിച്ചേർത്തു.ഇത്തരം നാശനഷ്ടങ്ങളുണ്ടാക്കുന്നവരെ 10 വർഷത്തേക്ക് ജയിലിൽ അടക്കുന്ന ഉത്തരവിൽ ഒപ്പുവച്ചിട്ടുണ്ട്. ഇപ്പോൾ പ്രതിമ തകർത്തവരെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. 'ചരിത്രത്തെ എടുത്തുകളയാനാകണ് അവരുടെ ശ്രമം. പശ്ചിമേഷ്യയിലും അങ്ങനെ തന്നെ. ഐ.എസ് ചെയ്യുന്നതും അതുതന്നെ. അവർ മ്യൂസിയങ്ങൾ തകർക്കുന്നു. എല്ലാം തകർത്ത് ഇല്ലാതാക്കുന്നു.. ഞാൻ ഇവിടെയുള്ളടത്തോളം കാലം അവർക്കൊരിക്കലും അമേരിക്കയുടെ ചരിത്രം ഇല്ലാതാക്കാൻ കഴിയില്ല. -ട്രംപ് കൂട്ടിച്ചേർത്തു.