ലോക്ക്ഡൗണിൽ ട്രെയിനുകളിൽ മരിച്ചത് 97 പേ‌രെന്ന് കേന്ദ്രം

Sunday 20 September 2020 12:00 AM IST

ന്യൂഡൽഹി: രാജ്യവ്യാപക ലോക്ക്ഡൗണിനിടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയ കുടിയേറ്റത്തൊഴിലാളികളിൽ 97 പേർ ശ്രമിക്ക് ട്രെയിനുകളിൽ മരിച്ചെന്ന് കേന്ദ്രം. സെപ്തംബർ 9 വരെയുള്ള കണക്കാണിത്. തൃണമൂൽ എം.പി ഡെറിക് ഒബ്രിയാന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ രേഖാമൂലം രാജ്യസഭയെ അറിയിച്ചതാണിക്കാര്യം.

ലോക്ക്ഡൗൺ കാലയളവിലെ പലായനത്തിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് അറിയില്ലെന്നും മരിച്ചവരുടെ കണക്കില്ലാത്തതിനാൽ നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യം പ്രസക്തമല്ലെന്നും കഴിഞ്ഞ ദിവസം തൊഴിൽവകുപ്പ് സഹമന്ത്രി സന്തോഷ് കുമാർ ഗംഗ്വാർ ലോക്‌സഭയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിനിൽ 97 പേർ മരിച്ചെന്ന കണക്ക് റെയിൽമന്ത്രാലയം പുറത്തുവിട്ടത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ശ്രമിക്ക് ട്രെയിനുകളിൽ ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെ കുറിച്ച് 113 പരാതികൾ യാത്രക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് റെയിൽവെമന്ത്രി സഭയെ അറിയിച്ചു. ശ്രമിക്ക് ട്രെയിനുകളിലെ യാത്രക്കാരിൽ നിന്ന് നേരിട്ട് റെയിൽവെ യാത്രാക്കൂലി ഇടാക്കിയിട്ടില്ല. സംസ്ഥാന സർക്കാരുകളും അവർ അധികാരപ്പെടുത്തിയ പ്രതിനിധികളിൽ നിന്നുമാണ് പണം സ്വീകരിച്ചത്. മേയ് 1 മുതൽ ആഗസ്റ്റ് 31 വരെ ശ്രമിക്ക് ട്രെയിനുകൾ ഓടിച്ചതിൽ 433 കോടി രൂപ റെയിൽവെയ്ക്ക് ലഭിച്ചെന്നും മന്ത്രാലയം വിശദീകരിച്ചു.