പ്രതിരോധ രഹസ്യങ്ങൾ ചൈനയ്ക്ക് ചോർത്താൻ ശ്രമം
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ രഹസ്യങ്ങൾ ചൈനീസ് ഇന്റലിജൻസ് ഏജൻസിക്ക് കൈമാറിയിരുന്ന ഫ്രീലാന്റ്സ് മാദ്ധ്യമ പ്രവർത്തകനെ ഡൽഹിപൊലീസ് സ്‌പെഷൽ സെൽ അറസ്റ്റ് ചെയ്‌തു. പീതംപുര സ്വദേശിയും ഫ്രീലാന്റ്സ് മാദ്ധ്യമ പ്രവർത്തകനുമായ രാജീവ് ശർമ്മയ്‌ക്കൊപ്പം ചൈനീസ് യുവതി ക്വിൻ ഷി, നേപ്പാൾ സ്വദേശിയായ സഹായി ഷേർ സിംഗ് എന്ന രാജ് ഭോറ എന്നിവരും പിടിയിലായി.
മൈക്കേൽ എന്ന ചൈനീസ് ഇന്റലിജൻസ് ഓഫീസറുമായി ബന്ധമുള്ള രാജീവ് ശർമ്മ ഒരു കൊല്ലത്തിനുള്ളിൽ ഡോക്‌ലാം അടക്കം ഇന്തോ-ഭൂട്ടാൻ മേഖല, ഇന്തോ-ചൈനാ അതിർത്തി തുടങ്ങിയ മേഖലകളിലെ സൈനിക വിന്ന്യാസം, ഇന്ത്യാ-മ്യാൻമാർ സൈനിക സഹകരണം എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കൈമാറിയെന്നാണ് ഡൽഹി പൊലീസ് കണ്ടെത്തിയത്. ഓരോ വിവരങ്ങൾ കൈമാറുമ്പോഴും ശർമ്മയ്‌ക്ക് 1000 ഡോളർ പ്രതിഫലം ലഭിച്ചിരുന്നു. നിർണായക വിവരങ്ങൾ വിറ്റ് ഒരു വർഷത്തിനുള്ളിൽ 40ലക്ഷം രൂപയോളം ശർമ്മ സമ്പാദിച്ചെന്നും പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ സഞ്ജീവ് യാദവ് പറഞ്ഞു.
2010-2014 കാലത്ത് ചൈനീസ് സൈന്യത്തിന്റെ മുഖപത്രമായ ഗ്ളോബൽ ടൈംസിൽ എഴുതിയ ലേഖനങ്ങളിലൂടെയാണ് രാജീവ് ശർമ്മയും മൈക്കലും പരിചയപ്പെടുന്നത്. പിന്നീട് ശർമ്മയെ വിമാന ടിക്കറ്റ് നൽകി ചൈനയിലെ കുൻമിംഗ് നഗരത്തിലേക്ക് വിളിച്ചുവരുത്തി 2016-2018 കാലത്തെ ഇന്ത്യാ-ചൈനാ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് മാലിദ്വീപിൽ വച്ച് വീണ്ടും ഇവർ തമ്മിൽകണ്ടു.
2019ൽ ജോർജ്ജ് എന്നു പേരുള്ള മറ്റൊരു ഇന്റലിജൻസ് ഓഫീസർ വിളിപ്പിച്ചത് പ്രകാരം നേപ്പാൾ വഴി വീണ്ടും ചൈനയിൽ പോയ ശർമ്മ ഒരു ചൈനീസ് മാദ്ധ്യമ കമ്പനി മേധാവിയെ പരിചയപ്പെട്ടു. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുമായുള്ള വിഷയങ്ങൾ എഴുതി നൽകണമെന്നും 500 ഡോളർ പ്രതിഫലം നൽകുമെന്നും പറഞ്ഞു. ചൈനീസ് പൗരത്വമുള്ള ജാംഗ്ഷാംഗ്, ഭാര്യ ചാംഗ് ലി എന്നിവർ സൂരജ്, ഉഷ എന്നീ വ്യാജ പേരുകളിൽ നടത്തിയ എം. ഇസഡ് ഫാർമ, എം. ഇസഡ് മാൾസ് എന്നീ കമ്പനികൾ വഴിയാണ് പണം നൽകിയിരുന്നത്. ചൈനയിലുള്ള ഇവർക്ക് വേണ്ടി ഇന്നലെ അറസ്‌റ്റിലായ ക്വിൻഷിയും ഭോറയുമാണ് ഡൽഹി മഹിപാൽപൂരിൽ കമ്പനി നോക്കി നടത്തിയിരുന്നതെന്നും പൊലീസ് അറിയിച്ചു.
പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രേഖകൾ സഹിതമാണ് സെപ്‌തംബർ 14ന് ശർമ്മ അറസ്‌റ്റിലാകുന്നത്. വിശദമായി ചോദ്യം ചെയ്യാൻ ആറു ദിവസത്തേക്ക് പൊലീസ് റിമാൻഡിൽ വാങ്ങി.