രാജ്യത്ത് കൊവിഡ് ബാധിതർ 54 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 92,605 പേർക്ക് രോഗബാധ, 1,133 മരണം

Sunday 20 September 2020 10:36 AM IST

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,605 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്. 54,00,619 പേർക്കാണ് ഇതു വരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1,133 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ആകെ കൊവിഡ് മരണം 86,752 ആയി.

രാജ്യത്ത് നിലവിൽ 10,10,824 പേരാണ് കൊവിഡ് ചികിത്സയിൽ ഉള്ളത്. ഇതു വരെ 43,03,043 പേർ രോഗമുക്തി നേടി. 79.68 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കു പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള അഞ്ചു സംസ്ഥാനങ്ങളിലെ രോഗ വ്യാപനം ആശങ്കാജനകമാണ്.

മഹാരാഷ്ട്രയിൽ 21,907 പേർക്കും ആന്ധ്രയിൽ 8,218 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു, കർണാടകത്തിൽ 8364, തമിഴ്നാട്ടിൽ 5569 എന്നിങ്ങനെയാണ് പ്രതിദിന വർദ്ധന കണക്ക്. കേരളത്തിലും ഗുജറാത്തിലും ഇന്നലെ റെക്കോർഡ് പ്രതിദിന വർദ്ധന ആയിരുന്നു.

ഡൽഹിയിൽ 4071 പേർക്കും, പശ്ചിമ ബംഗാളിൽ 3188 പേർക്കും ഇന്നലെ രോഗം സ്ഥരീകരിച്ചു, പഞ്ചാബിൽ 2696, മധ്യപ്രദേശിൽ 2607, രാജസ്ഥാൻ 1834, ഹരിയാന 2691, എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വർദ്ധന. രോഗ ബാധനിരക്ക് വർധിക്കുന്ന പശ്ചാത്തലത്തിൽ സ്ഥിതി വിലയിരുത്താൻ പ്രാധാനമന്ത്രി ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ട്. ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വെർച്വൽ യോഗത്തിൽ പങ്കെടുക്കും.

കൊവിഡ് വ്യാപനം രൂക്ഷമായ ചത്തീസ്ഢിലും, രാജസ്ഥാനിലും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. രാജസ്ഥാനിൽ 11 ജില്ലകളിൽ 144 പ്രഖ്യാപിച്ചു. വിവാഹ, ശവസംസ്കാര ചടങ്ങുകൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.