29.47 കോടി രൂപ വിനിയോഗിച്ച് ഗ്രാമീണ റോഡുകളുടെ നിർമ്മാണോദ്ഘാടനം

Monday 21 September 2020 5:16 AM IST

മലയിൻകീഴ് : മലയിൻകീഴ്, വിളപ്പിൽ, കാട്ടാക്കട ഗ്രാമപഞ്ചായത്തുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന 29.47 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന വിവിധ റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.

2.3 കി.മിറ്റർ ദൈർഘ്യമുള്ള കാട്ടാക്കട - തിരുവനന്തപുരം റോഡുമായി വിളപ്പിൽശാല ഭാഗത്തെ ബന്ധപ്പെടുത്തുന്ന പ്രധാന ലിങ്ക് റോഡായ കാട്ടുവിള-ചെറുകോട് മുക്കംപാലമൂട് റോഡ് 7.89 കോടി രൂപ വിനിയോഗിക്കും. പങ്കജകസ്തൂരി-കട്ടയ്ക്കോട് - കാന്തള - മൊളിയൂർ റോഡ് 5 കോടി രൂപ, കിള്ളി -ഇ.എം.എസ് അക്കാദമി റോഡ് 16.58 കോടി രൂപ, കിള്ളിയിൽ തുടങ്ങി മൂങ്ങോട് അവസാനിക്കുന്നതും മേച്ചിറയിൽ ആരംഭിച്ച് ഇ.എം.എസ് അക്കാദമി വഴി പുറ്റുമേൽക്കോണത്ത് അവസാനിക്കുന്നതുമായ 8 കി.മി റോഡ് ആധുനിക രീതിയിൽ ബി.എം.ബി.സി ചെയ്ത് നവീകരിക്കുന്നത്.

വിളപ്പിൽശാല നടന്ന ഉദ്ഘാടന യോഗത്തിൽ ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ, പഞ്ചായത്ത് വികസനകാര്യ ചെയർമാൻ എ. അസീസ്, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ആർ.ബി. ബിജുദാസ്, വിളപ്പിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എസ്. അനിൽ(വിജയകുമാർ), പൊതു മരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ അജിത് രാമചന്ദ്രൻ, ഗീത.പി.എൽ, ജ്യോതി.ആർ എന്നിവർ സംസാരിച്ചു. മൂന്ന് റോഡുകളുടെയും നിർമ്മാണം പൂർത്തിയാകുന്നതോടെ നിയോജക മണ്ഡലത്തിലെ പ്രധാന ഗ്രാമീണ റോഡുകളെല്ലാം ആധുനിക രീതിയിലാകും.

നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള കർശന നിർദ്ദേശം നൽകിയതായി ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു.