ദിനോസറുകൾ വന്ന വഴിയിങ്ങനെ...
വുഹാൻ: ഒരു വലിയ ഉൽക്ക ആക്രമണത്തെ തുടർന്ന് ഭൂമിയിലുണ്ടായ വലിയ മാറ്റമാണ് ദിനോസറുകളെന്ന ഭീകരൻ ജീവികളെ ഈ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കിയതെന്ന് നാം പഠിച്ചിട്ടുണ്ട്. എന്നാൽ, അവ എങ്ങനെ ഭൂമിയിലെത്തി എന്നതിന്റെ ഒരു പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് വുഹാനിലെ ഒരു സർവകലാശാല. ചൈന യൂണിവേഴ്സിറ്റി ഒഫ് ജിയോ സയൻസസാണ് പഠനം നടത്തിയത്. ഏകദേശം 232 മില്യൺ വർഷങ്ങൾക്കു മുൻപുണ്ടായ കാർണിയൻ പ്ളുവിയൽ എപ്പിസോഡെന്ന എക്സിറ്റിൻഷൻ കാരണമാണ് ഭൂമിയിലെ മറ്റു പല ജീവികളും നശിച്ചു പോവുകയും ദിനോസറുകൾ, ചീങ്കണ്ണി, മുതല തുടങ്ങിയവ ഭൂമിയിലുണ്ടാവുകയും ചെയ്തതെന്നാണ് പഠനം പറയുന്നത്. ഇതാദ്യമായാണ് ഇത്തരമൊരു പഠന റിപ്പോർട്ടു വരുന്നത്. നിലവിലെ മറ്റു പല ജീവികളുടെയും ഉത്ഭവത്തെക്കുറിച്ചും നാശത്തെക്കുറിച്ചുമൊക്കെ അറിയാൻ ഈ പഠനം സഹായകമാകുമെന്നാണ് ജിയോളജിസ്റ്റുകൾ പറയുന്നത്. അഞ്ചു എക്സ്റ്റിൻഷനുകളെക്കുറിച്ചാണ് നിലവിൽ പ്രധാനമായും പഠന റിപ്പോർട്ടുകളുള്ളത്. അതിലേക്കാണ് പുതിയ റിപ്പോർട്ടുമെത്തിയത്. ഈ എക്സ്റ്റിൻഷൻ സമുദ്രങ്ങളിലെയും കരയിലെയും ജീവനുകളെ തിരികെ കൊണ്ടുവരാൻ സഹായിച്ചുവെന്നാണ് ഗവേഷക പങ്കാളിയും വുഹാൻ ജിയോസയൻസസിലെ പ്രൊഫസറുമായ ജാകോപോ ഡാൽ കോർസോ പറയുന്നത്.
അഞ്ച് പ്രധാന എക്സ്റ്റിൻഷനുകൾ
1. ഒർഡോവിസിയൻ- സെലുറിയൻ എക്സ്റ്റിൻഷൻ - 450- 440 മില്യൺ വർഷം മുൻപ്.
2. ലേറ്റ് ഡെവനിയൻ എക്സ്റ്റിൻഷൻ- 375- 360 മില്യൺ വർഷം മുൻപ്.
3. പെർമിയൻ - ട്രിയാസിക് എക്സ്റ്റിൻഷൻ- 252 മില്യൺ വർഷം മുൻപ്. ഭൂമിയിലെ ഏറ്റവും വലിയ നശീകരണം നടന്ന കാലഘട്ടം.
4. ട്രിയാസിക്- ജുറാസിക് എക്സ്റ്റിൻഷൻ- 201.3 മില്യൺ വർഷം മുൻപ്.
5. ക്രെറ്റാഷ്യസ്- പാലിയോജെൻ എക്സ്റ്റിൻഷൻ- 66 മില്യൺ വർഷം മുൻപ്.