മോഷ്ടിക്കാനെത്തി, എ.സിയുടെ കുളിരിൽ കൂർക്കം വലിച്ചുറങ്ങി

Monday 21 September 2020 1:59 AM IST

ന്യൂഡൽഹി: മോഷ്ടിക്കാൻ കയറിയ വീട്ടിലെ എ.സിയുടെ തണുപ്പേറ്റ് കൂർക്കം വലിച്ചുറങ്ങിയ കള്ളൻ പിടിയിലായി.

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലെ ഒരു പെട്രോൾ പമ്പുടമയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ ബാബുവിനെയാണ് വീട്ടുകാർ കയ്യോടെ പൊക്കിയത്. കള്ളന്റെ കൂർക്കം വലി കേട്ടുണർന്ന വീട്ടുടമ മുറിയുടെ വാതിൽ പൂട്ടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കഴിഞ്ഞ 12ന് പുലർച്ചെ നാലു മണിയോടെയാണ് ബാബു സട്ടി വെങ്കട്ട് റെഡി എന്നയാളുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയത്. വീട്ടിൽ കടക്കുന്നതിന് മുമ്പ് തന്നെ ബാബു വീടും ചുറ്റുപാടും നിരീക്ഷിച്ചിരുന്നു. മോഷണം പൂർത്തിയാക്കി അൽപസമയം ഉറങ്ങിയിട്ടു പോകമെന്ന് കരുതിയ ബാബു പക്ഷേ, ഗാഢനിദ്ര‌യിലാണ്ടു. വീട്ടിൽ ആരുടെയോ കൂർക്കം വലി കേട്ടുണർന്ന വെങ്കട്ട് റെഡി ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തുമ്പോൾ ബാബു മുറി ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു. കുറച്ചു സമയം അനുനയിപ്പിച്ചതോടെ അയാൾ കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു. മോഷണ ശ്രമത്തിന് ഇയാൾക്കെതിരെ കേസെടുത്തെന്നും കടം വീട്ടാനാണ് ബാബു മോഷിടിക്കാൻ പദ്ധതിയിട്ടതെന്നും പൊലീസ് പറഞ്ഞു.