കുഞ്ഞ് ആണോ പെണ്ണോ?, ഗർഭിണിയുടെ വയറ് കീറി ഭർത്താവ്

Monday 21 September 2020 2:08 AM IST

ന്യൂഡൽഹി: അഞ്ച് പെൺകുട്ടികളെ പ്രസവിച്ച ഭാര്യ ആറാമത് ഗർഭം ധരിച്ചത് ആൺകുഞ്ഞിനെയാണോ എന്നറിയാൻ വയർകീറി നോക്കിയ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശ് ബുഡോനിലെ നേക്പൂർ സ്വദേശി പന്നാലാൽ ആണ് അറസ്റ്റിലായത്. ഏഴ് മാസം ഗർഭിണിയായ 35കാരിക്കാണ് ദുരനുഭവമുണ്ടായത്.

ഗുരുതര മുറിവോടെ യുവതിയെ ബറൈലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കല്യാണം കഴിഞ്ഞത് മുതൽ ഭർത്താവ് ആൺകുഞ്ഞ് വേണമെന്ന് ശഠിച്ചിരുന്നതായി യുവതി പറഞ്ഞു. അങ്ങനെയാണ് യുവതി തുടരെ അഞ്ച് പ്രസവിച്ചതും. ആറാമത് ഗർഭണിയായപ്പോൾ ഗർഭഛിദ്രം നടത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുട്ടി ആണോ പെണ്ണോ എന്ന് അറിയാനുള്ള ആഗ്രഹം സഹിക്കവയ്യാതെ രാത്രിയിൽ ഉറങ്ങിക്കിടന്ന ഭാര്യയുടെ വയറ്

മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാൾ കീറിനോക്കുകയായിരുന്നു. യുവതിയുടെ നിലവിളികേട്ടെത്തിയ പ്രദേശവാസികളാണ് ഇവരെ ഉടൻ തന്നെ ബറേലിയിലെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആൺകുഞ്ഞ് പിറക്കണമെന്ന് പന്നാലാൽ ആഗ്രഹിച്ചിരുന്നുവെന്നും ഭാര്യയുടെ ഗർഭപാത്രത്തിൽ ആൺകുഞ്ഞാണോ ഉള്ളതെന്നറിയാനാണ് അയാൾ വയർ കീറിയതെതന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.സംഭവത്തിൽ പൊലീസ് എഫ്‌.ഐ.ആർ. രജിസ്റ്റർ ചെയ്തു.