ബിനീഷ് സമ്പന്നനല്ലെന്ന് ഒടുവിൽ ബോദ്ധ്യമായി മഞ്ഞ റേഷൻ കാർഡ് വൈകില്ല

Monday 21 September 2020 12:32 AM IST
സംസ്ഥാന ഭക്ഷ്യഭദ്രത കമ്മീഷൻ അംഗം വിജയലക്ഷ്മി കോളനിയിലെത്തിയപ്പോൾ

കേണിച്ചിറ: പൂതാടി പഞ്ചായത്തിലെ നെല്ലിക്കര കുറ്റിക്കാംവയലിലെ കാട്ടുനായ്ക്ക കോളനിയിലെ ബിനീഷിന്റെ കഥയറിഞ്ഞതോടെ സംസ്ഥാന ഭക്ഷ്യഭദ്രത കമ്മിഷൻ അംഗം വിജയലക്ഷ്മി കോളനിയിലെ വീട്ടിലെത്തി പ്രശ്‌നത്തിന് കൈയോടെ പരിഹാരം കണ്ടു.

ബിനീഷിന്റെ ദയനീയാവസ്ഥയെക്കുറിച്ച് ഇന്നലെ കേരളകൗമുദിയിൽ വാർത്ത വന്നിരുന്നു.

കമ്മിഷൻ അംഗം ഇന്നലെ രാവിലെ തന്നെ കോളനിയിലെത്തിയിരുന്നു. വിവരങ്ങൾ ആരാഞ്ഞതോടെ അധികൃതരുടെ അബദ്ധം ബോദ്ധ്യപ്പെട്ടതോടെ കുടുംബത്തിന്റെ റേഷൻ കാർഡ് മഞ്ഞയാക്കി മാറ്റി നൽകാൻ സുൽത്താൻ ബത്തേരി താലൂക്ക് സപ്ലൈ ഓഫിസർ പി.വി ജയപ്രകാശിന് അവർ നിർദ്ദേശം നൽകി.

ഉടൻ തന്നെ നിലവിലുള്ള വെള്ള കാർഡ് മാറ്റി മഞ്ഞ കാർഡ് നൽകുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

കുടുംബത്തിന്റെ റേഷൻ കാർഡ് വെള്ളയായതിനാൽ ഇവർക്ക് ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ലോക്ക്ഡൗണിനെ തുടർന്ന് ഭാര്യയ്ക്കും ഭർത്താവിനും കൂലിപ്പണി ഇല്ലതായതോടെ നാല് മക്കളടങ്ങിയ കുടുംബം ദുരിതത്തിലാണ്. വായ്പയ്ക്കോ മറ്റ് ആനുകൂല്യങ്ങൾക്കോ അപേക്ഷിക്കാൻ കഴിയാത്ത് അവസ്ഥയിലുമായി. ഏത് സഹായത്തിന് അപേക്ഷിക്കണമെങ്കിലും റേഷൻ കാർഡ് വേണം. ആദിവാസി വിഭാഗങ്ങൾക്കായി സർക്കാർ അനുവദിച്ച പദ്ധതികൾക്ക് പോലും ഈ കുടുംബത്തിന് അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ദാരിദ്രരേഖയ്ക്കു താഴെയുള്ളവരുടെ ഗണത്തിലേക്ക് കാർഡ് മാറ്റിക്കിട്ടാനായി ബിനീഷ് കയറിയിറങ്ങാത്ത ഓഫീസുകളിലില്ലായിരുന്നു.