ഗുരു ആഴമളക്കാനാവാത്ത ആഴി

Monday 21 September 2020 12:57 AM IST

ഗുരു എന്ന വാക്കിന്റെ അർത്ഥം ഇരുട്ടിനെ ഇല്ലാതാക്കുന്നത് എന്നാണ്. അറിവില്ലായ്മയുടെ ഇരുട്ടിനെയാണ് ഗുരു അക​റ്റിയത്. പരമമായ സത്യം അറിവാണ്. അറിവ് ഈശ്വരനാണ്. ഗുരുവിനെ ലോകമെമ്പാടും ഈശ്വരനായിആരാധിക്കുന്നു. ചില ആളുകൾ അതിന് തയ്യാറാകുന്നില്ല. അത് അവരുടെ അജ്ഞത കൊണ്ടാണ്. നമ്മളെപ്പോലെ ജീവിച്ചയാളാണ് ഗുരു. പക്ഷേ സാധാരണ മനുഷ്യനപ്പുറം ചിന്തിച്ചു. കാലത്തിന്റെ തെ​റ്റുകൾക്കെതിരെ ദാർശനികമായി കലഹിച്ചു. സമൂഹത്തെ തന്റെ പിന്നാലെ നയിച്ചു. ക്ഷേത്രങ്ങൾ സ്ഥാപിച്ചു, ബിംബങ്ങൾ പ്രതിഷ്ഠിച്ചു. വേർതിരിവുകളുടെ അർത്ഥശൂന്യത തുറന്നുകാട്ടി. ഒരു മനുഷ്യൻ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് പറഞ്ഞു. ആത്മീയതയുടെ സൗന്ദര്യ പ്രവാഹമായി. വിശ്വമാനവികതയുടെ ദാർശനികനായി. ഒടുവിൽ എല്ലാവരേയും പോലെ ഇവിടെ നിന്ന് മായുകയും ചെയ്തു.

ഇതിനപ്പുറം ഗുരു എന്താണെന്ന് ചിന്തിക്കുന്നവരുണ്ട്. ഗുരുവിന്റെ ശരീരത്യാഗം സാധാരണ മരണമായി കാണുന്നത് മൂഢത്വമാണ്. ഇങ്ങനെ ചിന്തിക്കുന്നവർക്ക് ഈശ്വരനെ അറിയില്ല. ഈശ്വരൻ സച്ചിദാനന്ദ സ്വരൂപനാണ്. അതാണ് ബ്രഹ്മം. ആ ബ്രഹ്മ പ്രാപ്തിയിലെത്താൻ മനുഷ്യനു മാത്രമേ കഴിയൂ. ഈ പ്രപഞ്ചമാകെ നിറഞ്ഞുനിൽക്കുന്നതാണ് ബ്രഹ്മം. അതാണ് ശാസ്ത്രീയമായി ഈശ്വരൻ. ഈ ഈശ്വരനില്ലാത്ത ഒരു കണിക പോലും പ്രപഞ്ചത്തിലില്ല. എല്ലായിടത്തും അതുണ്ട്. ആ വസ്തുവാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്. നമ്മളെയും നാമറിയാതെ നിയന്ത്രിക്കുന്നത് ആ ബ്രഹ്മമാണ്. ആത്മോപദേശ ശതകത്തിൽ ആദ്യം തന്നെ ഗുരു ഇങ്ങനെ പറയുന്നു.

അറിവിലുമേറി അറിഞ്ഞിടുന്നവൻ തൻ

ഉരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും

കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി

തെരുതെരെ വീണു വണങ്ങിയോതിടേണം

(അവനവന് ഉണ്ടാകുന്ന നാമരൂപ സങ്കല്പങ്ങളോടു കൂടിയ പദാർത്ഥ ബോധത്തിലും അതിൻമേൽ അറിയുന്നവന്റെ ദേഹത്തിലും വിട്ടുപോകാതെ, അതിനോട് ചേർന്നുതന്നെ ബാഹ്യവിഷയങ്ങളിലും നിറഞ്ഞു പ്രകാശിച്ച് വിളങ്ങുന്ന ഈശ്വരനെ ജ്ഞാനേന്ദ്രിയങ്ങൾ അഞ്ചിനെയും ഉള്ളടക്കി, ധ്യാനനിഷ്ഠമാക്കി, തുടരെത്തുടരെ പ്രണമിക്കണം). ഈ ഈശ്വരനെ നമുക്ക് സാക്ഷാത്കരിക്കാനാകും. അതാണ് ബ്രഹ്മ സാക്ഷാത്കാരം.

ഈ പ്രപഞ്ചത്തിൽ അകവും പുറവും നിറഞ്ഞുനിന്ന് സർവചരാചരങ്ങളെയും ചലിപ്പിച്ച് നിയന്ത്രിക്കുന്ന ആ ബ്രഹ്മത്തെ സാക്ഷാത്കരിച്ചാൽ അവർക്ക് ആ ബ്രഹ്മമായിത്തന്നെ മാറാൻ കഴിയും. അവർക്ക് പിന്നെ സ്വന്തം ശരീരമില്ല. അതാണ് ഗുരു ഗദ്യപ്രാർത്ഥനയിൽ പറയുന്നത്- നാം ശരീരമല്ല, അറിവാണ് എന്ന്. അറിവ് എന്നാൽ ബ്രഹ്മം, ഈശ്വരൻ എന്ന് അർത്ഥം. ഈ ആവസ്ഥയിലേക്ക് ഉയരുന്നതാണ് സമാധി.

സമാധി കേവലം ശരീരത്യാഗമല്ല. ബുദ്ധി എല്ലാത്തിനെയും സമമായി കാണുന്ന അവസ്ഥയാണത്. സർവചരാചരങ്ങളെയും ഒന്നായിക്കാണുന്ന അവസ്ഥ. ഗുരു പ്രപഞ്ചത്തിൽ ലയിക്കുന്നതിന് മുൻപുതന്നെ എല്ലാത്തിനെയും സമമായി കണ്ടു. ശരീരം നിലനിൽക്കുമ്പോഴും ഗുരു സമാധിസ്ഥിതനായിരുന്നു. സമാധി അവസ്ഥയിലാണ് ഒരു വ്യക്തിക്ക് ഈശ്വരനായി മാറാൻ കഴിയുന്നത്. സമാധി രണ്ട് തരമുണ്ട്. സവികല്പ സമാധിയും നിർവികല്പ സമാധിയും. സവികല്പ സമാധിയിൽ എത്തിയവർ ബ്രഹ്മനിഷ്ഠരാണെങ്കിലും അവരിൽ നിന്ന് പൂർണമായും പ്രപഞ്ചാനുഭവം ഒഴിഞ്ഞുമാറിയിട്ടില്ല. അവിടെ ബുദ്ധി മാറിനിന്ന് ബ്രഹ്മത്തെ അറിയുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ദൈവമായി നിന്നുകൊണ്ട് ഗുരുവിന് ഇവിടെ പലതും ചെയ്യാൻ കഴിഞ്ഞത്.

ഗുരു ഇടയ്ക്കിടെ സവികല്പ സമാധിയെന്ന മഹായോഗത്തിലേക്ക് പോകുമായിരുന്നു. ഓരോ സവികല്പ സമാധിയിൽ നിന്നും ഉണരുമ്പോഴും മഹാപ്രബോധനങ്ങൾ ഉണ്ടാകുമായിരുന്നു. അന്ന് ടാഗോർ ശിവഗിരിക്കുന്നിലേക്ക് എത്തിയദിനം. ഗുരു പുലർച്ചെ മുതൽ മഹാധ്യാനത്തിലായിരുന്നു. പിന്നീട് ആയിരം സൂര്യന്മാരുടെ ശോഭയോടെയാണ് ഗുരു ടാഗോറിനു മുന്നിലേക്ക് എത്തിയത്. അരുവിപ്പുറത്ത് ചരിത്രത്തെ ഇളക്കിമറിച്ച ശിവപ്രതിഷ്ഠ നടത്തിയതും കുമാരഗിരിക്കുന്നിലെ മഹായോഗത്തിൽ നിന്നും ഉണർന്നെത്തിയാണ്.

നിർവികല്പ സമാധിയിലാണ് ശരീരം ഉപേക്ഷിക്കുന്നത്. അവിടെ പിന്നെ രണ്ടില്ല. ബുദ്ധിയും ആ ബ്രഹ്മത്തിൽ അലിഞ്ഞുചേർന്ന് ഒന്നാകുന്നു. 'അർത്ഥമാത്ര നിർഭാസോ സ്വരൂപ ശൂന്യമിഹ സമാധി' എന്നാണ് പതഞ്ജലി സമാധിയെ നിർവചിച്ചത്. ഈ പ്രപഞ്ചത്തിന്റെ അകവും പുറവും നിറഞ്ഞിരിക്കുന്ന ബ്രഹ്മമായി മാറുന്നതാണ് സമാധി. അവിടെ പിന്നെ സ്വരൂപമില്ല. ഗുരു യോഗദർശനത്തിൽ പറയുന്നു.

'' നാമരൂപമിദം സർവം

ബ്രഹ്മൈവേതി വിലീയതേ

യദ്ബ്രഹ്മണി മനോ നിത്യം

സ യോഗ ഇതി നിശ്ചിതഃ ''

ഇക്കാണുന്ന നാമരൂപങ്ങളെല്ലാം ബ്രഹ്മം മാത്രം, ഈശ്വരൻ മാത്രം എന്ന് അനുഭവിച്ച് ബ്രഹ്മത്തിൽ അലിഞ്ഞു മറയുന്നു. വല്ലപ്പോഴുമല്ല, എപ്പോഴും. ആ അനുഭവ സ്ഥിതിയെ യോഗമെന്നു പറയുന്നു. ആ യോഗമാണ് സമാധി.ഗുരുവിന്റെ സമാധി ദിനം വെറും ശരീര ത്യാഗമായി കാണാതെ ഗുരു ബ്രഹ്മമായി, ഈശ്വരനായിത്തീർന്ന ദിനമായി കാണണം. നമ്മുടെ മുന്നിൽ ഗുരുവിന് ശരീരമുണ്ടായിരുന്നു. ആ ശരീരത്തിന്റെ നിഴൽ പോലും പോയി പൂർണബ്രഹ്മമായിത്തീർന്ന അവസ്ഥ. മഹാസമാധിയിൽ ഗുരു സച്ചിദാനന്ദ രൂപമായ നിത്യാനന്ദ സമുദ്രത്തിൽ ലയിച്ചു ചേർന്നിരിക്കുന്നു. ആ അവസ്ഥ സുരേന്ദ്ര വന്ദിത പദമാണ്. അങ്ങനെയൊരു അവസ്ഥയുണ്ടെങ്കിൽ ദേവേന്ദ്രൻ പോലും ആ ബ്രഹ്മനിഷ്ഠന്റെ പാദങ്ങളിൽ നമസ്‌കരിച്ചു പോകും. സമാധി എന്നാൽ ബ്രഹ്മരൂപം കൈക്കൊള്ളലാണ്.

ഗുരു ബ്രഹ്മമായി മാറിയ നാളാണ് മഹാസമാധി ദിനം. ഗുരുദർശനത്തിന്റെ അന്തഃസത്ത ലോകമാകെ തിരിച്ചറിയുന്ന കാലമാണിത്. ഗുരുവചനങ്ങൾ രാജ്യത്തിന്റെ നയമായി പാർലമെന്റിൽ മുഴങ്ങുന്ന കാലം. ഈ വിശ്വമാനവികന്റെ പേരിൽ കേരളത്തിൽ ഒരു സർവകലാശാല രൂപം കൊള്ളുന്നു. കാലം ഗുരുവിനെ കൂടുതൽ തിരിച്ചറിയുന്നു. കൂടുതൽ അംഗീകരിക്കുന്നു. എങ്കിലും ഇനിയുമേറെ ഗുരുവിനെ പഠിക്കാനുണ്ട്. അറിയുന്തോറും അറിയാനേറെയായി ഗുരു ബാക്കി നിൽക്കുകയാണ്. ആഴമളക്കാനാകാത്ത ആഴിയാണ് ഗുരു. അവിടേക്കുള്ള അർത്ഥവത്തായ യാത്രയുടെ തുടക്കമാകട്ടെ ഈ മഹാസമാധിദിനം.