ലൈഫ് മിഷൻ തട്ടിപ്പിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പിലെ പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലൈഫ് മിഷനിലെ കമ്മീഷനിൽ പങ്ക് പറ്റിയത് മുഖ്യമന്ത്രിയും കുടുംബവുമാണെന്ന് പറഞ്ഞതുകൊണ്ടാണ് തനിക്കെതിരെ പിണറായി ഹാലിളകി വന്നത്. തട്ടിപ്പ് നടന്നതുകൊണ്ടാണ് കരാർ വിവരങ്ങൾ മറച്ചുവയ്ക്കുന്നത്.ഖുറാന്റെ പേരിൽ മുഖ്യമന്ത്രി നീചമായ വർഗീയ രാഷ്ട്രീയം കളിക്കുകയാണ്. ഒരു കൂട്ടരുടെ വികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പിണറായി വിജയന്റെ നിലപാട് സംസ്ഥാനത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. നാടിന്റെ സാമുദായിക സൗഹൃദം സംരക്ഷിക്കേണ്ട മുഖ്യമന്ത്രി കലാപം ഉണ്ടാക്കാൻ ആഹ്വാനം ചെയ്യുന്നത് ഭരണഘടനാലംഘനമാണ്.മുഖ്യമന്ത്രി വർഗീയത പറഞ്ഞതോടെ യു.ഡി.എഫ് ജലീലിനെതിരെയുള്ള സമരത്തിൽ നിന്നും ഭയന്ന് പിൻമാറുകയാണ്. സി.പി.എം കുഴിച്ച കുഴിയിൽ യു.ഡി.എഫ് വീണെന്നും സുരേന്ദ്രൻ പറഞ്ഞു.