കുടിവെള്ള പദ്ധതിക്ക് പുതുജീവൻ
പാലോട്: ശുദ്ധമായ കുടിവെള്ളം ജനങ്ങളിലെത്തിക്കണം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ നന്ദിയോട്, ആനാട് കുടിവെള്ള പദ്ധതി പദ്ധതിക്ക് പുതുജീവൻ. പതിനൊന്ന് വർഷമായിട്ടും പൂർത്തിയാകാത്ത പദ്ധതിയെക്കുറിച്ച് കേരളകൗമുദി നൽകിയ വാർത്തയെ തുടർന്നാണ് നടപടി. 16 കോടി രൂപ കൂടി സർക്കാർ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായി. ഈ മാസം 30ന് ടെൻഡർ ഓപ്പൺ ചെയ്യുന്നതോടെ വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. മൂന്നു ഘട്ടങ്ങളിലായാണ് ഇനിയുള്ള നിർമ്മാണം. ഒന്നാം ഘട്ടത്തിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ആനക്കുഴിയിൽ പഞ്ചായത്ത് 7 ലക്ഷം രൂപ ചെലവിൽ വാങ്ങിയ 15 സെന്റ് സ്ഥലത്ത് പത്ത് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിർമ്മിക്കും. കൂടാതെ 630 കെ.വി, 250 കെ.വി കപ്പാസിറ്റിയുള്ള രണ്ട് ട്രാൻസ്ഫോർമറുകളും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്.