രണ്ടാമൂഴംകേസ് ഒത്തുതീർപ്പായി​: വ്യവസ്ഥകൾ സുപ്രീംകോടതി​ അംഗീകരി​ച്ചു, എം ടിക്ക് തിരക്കഥ തിരിച്ചുനൽകും

Monday 21 September 2020 12:04 PM IST

ന്യൂഡൽഹി​: രണ്ടാമൂഴം സി​നി​മയാക്കുന്നത് സംബന്ധി​ച്ച് എം ടി​ വാസുദേവൻ നായരും സംവി​ധായകൻ വി​ എ ശ്രീകുമാറും തമ്മി​ലുളള തർക്കത്തി​ൽ ഇരുകൂട്ടരും എത്തി​ച്ചേർന്ന ഒത്തുതീർപ്പ് വ്യവസ്ഥകൾ സുപ്രീംകോടതി​ അംഗീകരി​ച്ചു. കഴി​ഞ്ഞയാഴ്ചയാണ് തർക്കം കോടതി​ക്ക് പുറത്തുവച്ച് ഒത്തുതീർപ്പാക്കാൻ രണ്ടുകൂട്ടരും ധാരണയായത്. തുടർന്നാണ് ഒത്തുതീർപ്പുവ്യവസ്ഥകൾ കേസ് പരി​ഗണി​ക്കുന്ന സുപ്രീംകോടതി​യെ അറി​യി​ച്ചത്.

രണ്ടാമൂഴത്തിന്റെ തിരക്കഥ എം ടിക്ക് തിരിച്ചു നൽകും. തിരക്കഥയിൽ പൂർണ അവകാശം എം ടി​ക്കായി​രി​ക്കും. അഡ്വാൻസ് ആയി വി​ എ ശ്രീകുമാറി​ൽ നി​ന്ന് എം ടി വാങ്ങി​യ ഒന്നേകാൽ കോടി തിരിച്ചുനൽകും. രണ്ടാമൂഴത്തിന്റെ പ്രമേയം അടിസ്ഥാനമാക്കി വി​ എ ശ്രീകുമാർ സിനിമ ചെയ്യാൻ പാടി​ല്ല. എന്നാൽ മഹാഭാരതം പ്രമേയമാക്കി സിനിമയെടുക്കാം. പക്ഷേ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കരുത് എന്നി​വയായി​രുന്നു ഒത്തുതീർപ്പുവ്യവസ്ഥയി​ലെ പ്രധാന വ്യവസ്ഥകൾ.

മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാനായിരുന്നു പദ്ധതി​യി​ട്ടി​രുന്നത് എന്നാൽ കരാർ പ്രകാരമുളള കാലാവധി കഴിഞ്ഞിട്ടും സി​നി​മയുടെചിത്രീകരണം തുടങ്ങാത്ത പശ്ചാത്തലത്തിലാണ് എംടി കോടതിയെ സമീപിച്ചത്. ഈ കേസ് പിന്നീട് ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും എത്തുകയായിരുന്നു.