ലഡാക്കില്‍ ഇന്ത്യന്‍ സൈന്യം ആറ് മലനിരകള്‍ പിടിച്ചടക്കുമ്പോള്‍ ചൈനീസ് ഭടന്‍മാര്‍ നോക്കി നില്‍ക്കുകയായിരുന്നില്ല, മെഡിക്കല്‍ സഹായത്തിനായി ഓടുകയായിരുന്നു

Monday 21 September 2020 3:04 PM IST

ന്യൂഡല്‍ഹി : ലഡാക്കില്‍ ഇന്ത്യ ചൈന സംഘര്‍ഷങ്ങള്‍ ചര്‍ച്ചയിലൂടെ സമാധാനപരമായി തീര്‍ക്കുവാന്‍ ഇരു രാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിക്കുകയാണ് ഇപ്പോള്‍. സമാധാനത്തിന്റെ പാത തുറക്കുമ്പോഴും അതിര്‍ത്തിയിലെ മേധാവിത്വം നിലനിര്‍ത്തുന്നതില്‍ വിട്ടുവീഴ്ചയൊന്നും വേണ്ട എന്ന നിലപാടാണ് കേന്ദ്രം സൈന്യത്തിന് നല്‍കിയിരിക്കുന്നത്. ഈ നിര്‍ദ്ദേശം പാലിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തിയിലെ ആറ് ഉയര്‍ന്ന മലനിരകള്‍ ഇന്ത്യന്‍ സേന കൈവശപ്പെടുത്തിയത്. ഉയര്‍ന്ന പ്രദേശങ്ങളിലുള്ള ഈ ആറ് ഇടങ്ങള്‍ ഏറെ നാളായി സ്വന്തമാക്കുവാന്‍ ചൈന ശ്രമിക്കുകയായിരുന്നു. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ രണ്ടാം വാരം വരെ നടന്ന ദൗത്യത്തിലൂടെയാണ് ഇന്ത്യന്‍ സേന തന്ത്രപ്രധാനമായ ആറ് ഉയര്‍ന്ന പ്രദേശങ്ങള്‍ പിടിച്ചെടുത്തതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഗര്‍ ഹില്‍, ഗുരുംഗ് ഹില്‍, റീസെന്‍ ലാ, റെസാംഗ് ലാ, മൊഖ്പാരി, ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുന്ന ഫിംഗര്‍ നാലിന് സമീപമുള്ള പ്രദേശം എന്നിവയാണ് ഇന്ത്യന്‍ സേന അധീനതയിലാക്കിയത്.

ഇന്ത്യ തന്ത്രപ്രധാനമായ മുന്നേറ്റങ്ങള്‍ അതിര്‍ത്തി പ്രദേശത്ത് നടത്തുമ്പോള്‍ ചൈനയുടെ ഭാഗത്ത് നിന്നും എതിര്‍പ്പുയര്‍ന്നിരുന്നില്ലേ എന്ന ചോദ്യവും പ്രസക്തമാണ്. എന്നാല്‍ അതിശൈത്യത്തെ അതിജീവിക്കാനാവുമോ എന്ന ഭയത്താല്‍ ചൈനീസ് ഭടന്‍മാര്‍ കൂട്ടത്തോടെ ചികിത്സതേടുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തണുപ്പ് സഹിക്കാനാവാതെ വിഷമിക്കുന്ന ഭടന്‍മാരെ കവചിതവാഹനങ്ങളില്‍ കൊണ്ടുപോകുന്ന വീഡിയോയും ചില ദേശീയ മാദ്ധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. പുതുതായി മൂവായിരത്തോളം സൈനികരെ സംഘര്‍ഷ പ്രദേശങ്ങളിലേക്ക് അധികമായി ചൈന അയച്ചിട്ടുണ്ട്.

ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുന്ന ഫിംഗര്‍ 4 നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടത്തോടെ ചൈനീസ് ഭടന്‍മാരെ ഒഴിപ്പിക്കുന്നതായി ഇന്ത്യന്‍ സൈന്യം മനസിലാക്കിയിരുന്നു. അതിർത്തിയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഇവിടെ നിന്നും പിന്‍വാങ്ങുന്നതിന്റെ ഭാഗമല്ലെന്നും, കടുത്ത തണുപ്പില്‍ അസ്വസ്ഥരായ സൈനികരെ മെഡിക്കല്‍ സഹായത്തിനായി മാറ്റുന്നതാണെന്നും മനസിലാക്കിയാണ് സൈന്യം പ്രദേശത്തെ ഉയര്‍ന്ന മലനിരകള്‍ അധീനതയിലാക്കാന്‍ തുനിഞ്ഞിറങ്ങിയത്. ചെറുത്ത് നില്‍പ്പിന് പോലും വരാതെ ചൈനീസ് ഭടന്‍മാര്‍ നോക്കി നില്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം കായികമായി തടയാനാവാതെ ആകാശത്തേയ്ക്ക് നിറയൊഴിച്ച് പിന്തിരിപ്പിക്കുവാനാണ് ചൈനീസ് ഭടന്‍മാര്‍ ശ്രമിച്ചത്. ഇന്ത്യയുടെ പുതിയ നീക്കങ്ങള്‍ ചൈനയെ ഞെട്ടിച്ചിരിക്കുകയാണ്.

സിയാച്ചിനിലും കാശ്മീരിലുമടക്കം ശൈത്യകാലത്ത് സേവനം അനുഷ്ടിക്കുന്ന ഇന്ത്യന്‍ സേനയ്ക്ക് തണുപ്പിനെ ചൈനീസ് സേനയെക്കാളും അതിജീവിക്കാന്‍ കഴിയുന്നുണ്ട്. ഇത് കൂടാതെ തന്നെ എല്‍ എ സിയിലെ മുന്നണിപോരാളികളില്‍ ടിബറ്റന്‍ മേഖലയിലും ലഡാക്കില്‍ നിന്നും സേനയുടെ ഭാഗമായ സൈനികരെയാണ് ഇന്ത്യ അണിനിരത്തിയിട്ടുള്ളത്. ഇതു കൂടാതെ കഠിനമായ ശൈത്യകാലം മുന്നില്‍ കണ്ട് ഇന്ത്യന്‍ സൈന്യം ഇതിനകം വെടിക്കോപ്പുകളും ഭക്ഷണസാധനങ്ങളുമടക്കം 150,000 ടണ്ണിലധികം വസ്തുക്കള്‍ ലഡാക്കിലേക്ക് മാറ്റിയിട്ടുണ്ട്.

ശൈത്യകാലത്തും ലഡാക്കില്‍ രാജ്യത്തിന്റെ അതിര്‍ത്തികാക്കാന്‍ തയ്യാറായിട്ടാണ് ഇന്ത്യന്‍ ഭടന്‍മാരുള്ളത്, ഇനി വെല്ലുവിളി ചൈനയുടെ ഭാഗത്താണ് പരിചിതമല്ലാത്ത യുദ്ധമുഖത്ത് സൈനികരെ നിലനിര്‍ത്തണമോ അതോ സമാധാനത്തിന്റെ പാത സ്വീകരിച്ച് പിന്‍വാങ്ങണമോ എന്ന് ചൈനയ്ക്ക് തീരുമാനിക്കാം.

CONTENT : India secures SIX more heights, while Chinese PLA soldiers move to the nearest hospital