തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്: കടുപ്പിച്ച് കേന്ദ്രസർക്കാർ; പ്രതീക്ഷയറ്റ് കേരളം

Tuesday 22 September 2020 11:36 PM IST

തിരുവനന്തപുരം: വിമാനത്താവളം അദാനിക്ക് കൈമാറുന്നത് നയപരമായാണെന്നും ലേലനടപടി സംസ്ഥാനസർക്കാർ അംഗീകരിച്ചതാണെന്നും കേന്ദ്രസർക്കാ‌ർ നിലപാടെടുത്തതോടെ നടത്തിപ്പവകാശം സംസ്ഥാനത്തിന് ലഭിക്കാനുള്ള സാദ്ധ്യത മങ്ങി. നെടുമ്പാശേരി വിമാനത്താവള കമ്പനിയെ (സിയാൽ) മാറ്റിനിറുത്തി കെ.എസ്.ഐ.ഡി.സിയുമായി ചേർന്നുള്ള കൺസോർഷ്യം രൂപീകരിച്ച് ലേലത്തിൽ പങ്കെടുത്തതാണ് സർക്കാരിനിപ്പോൾ വിനയായത്. ലേലത്തിൽ സർക്കാരിന് നൽകിയ ഇളവുകൾ ഇനി നൽകില്ലെന്നാണ് കേന്ദ്രനിലപാട്.

വ്യവസ്ഥകളെല്ലാം അംഗീകരിച്ച് പങ്കെടുത്ത ലേലത്തിൽ രണ്ടാമതായിപ്പോയപ്പോഴാണ് സർക്കാർ എതിർപ്പുന്നയിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. വിജയിച്ച അദാനിക്കും കേന്ദ്രത്തിനുമെതിരെ കേസുകൊടുത്തതിനാൽ 18മാസമായി കരാറൊപ്പിടാനായിരുന്നില്ല. നിയമയുദ്ധം സുപ്രീംകോടതി വരെ നീണ്ടെങ്കിലും സ്റ്റേ ഉണ്ടാകാത്തതിനാൽ അദാനിഗ്രൂപ്പുമായി എയർപോർട്ട് അതോറിട്ടി കരാറൊപ്പിടുകയായിരുന്നു. ഇതിനെതിരായ സർക്കാർ ഹർജി ഹൈക്കോടതി പരിഗണിക്കുകയാണ്.

നെടുമ്പാശേരി വിമാനത്താവള കമ്പനി ലേലത്തിൽ പങ്കെടുത്ത് പരാജയപ്പെട്ടെങ്കിലും സർക്കാരിന്റെ അവകാശവാദം നിലനിൽക്കുമായിരുന്നെന്നാണ് കേന്ദ്രനിലപാട്. ലേലത്തുകയും കേരളം നിർദ്ദേശിക്കുന്നതും തമ്മിൽ 10ശതമാനം വരെ വ്യത്യാസമുണ്ടെങ്കിലും നടത്തിപ്പിനുള്ള ആദ്യഅവകാശം ലഭിക്കുമായിരുന്നെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. എന്നാൽ തുകകളുടെ വ്യത്യാസം 19.3 ശതമാനമായിരുന്നു. സർക്കാരുകൾ തമ്മിലുള്ള തർക്കമാക്കി കേരളത്തിന്റെ ഹർജി തള്ളാനും കേന്ദ്രം ശ്രമിക്കുന്നുണ്ട്. ഇക്കാരണത്താൽ ഹൈക്കോടതി ഹർജി തള്ളിയെങ്കിലും പുനഃപരിശോധനയ്ക്ക് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് അനുകൂലമായാൽ ഉടൻ അദാനി വിമാനത്താവളം ഏറ്റെടുക്കും. എന്നാൽ പാട്ടക്കരാർ ഒപ്പിടുന്ന നടപടി പൂർത്തിയാക്കാൻ അനിവാര്യമായ സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് അദാനിക്ക് നൽകില്ലെന്നാണ് സർക്കാർ നിലപാട്. വൈദ്യുതി, കുടിവെള്ളം, റോഡ് കണക്ടിവിറ്റി അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനുള്ളതാണ് ഈ കരാർ.

കാർഗോ കോംപ്ലക്സ് നടത്തിപ്പ് പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്കാണ്. ഹൈക്കോടതിയിലെ നിയമ പോരാട്ടത്തിൽ വിജയിച്ച് അദാനി പാട്ടക്കരാർ നേടിയാലും അതിൽ ഒപ്പിടേണ്ടെന്ന സർക്കാർ തീരുമാനം പുതിയൊരു നിയമയുദ്ധത്തിനും വഴിതുറന്നേക്കും.

 കരാർ ഇങ്ങനെ

1. വിമാനത്താവള നടത്തിപ്പവകാശം 50 വർഷത്തേക്ക്

2. സുരക്ഷ, കസ്റ്റംസ് തുടങ്ങിയവയ്ക്ക് സർക്കാർ ഏജൻസികളുടെ മേൽനോട്ടം

3. വികസനത്തിന് അദാനി പണം മുടക്കണം. സംസ്ഥാനം ഭൂമി നൽകണം

 അദാനിഗ്രൂപ്പ് ഓരോ യാത്രക്കാരനും ക്വാട്ട് ചെയ്ത തുക- 168 രൂപ

 സംസ്ഥാനസർക്കാരിന്റെ ക്വട്ടേഷൻ തുക- 135 രൂപ