കോൺസുലേറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്യാൻ കസ്റ്റംസ്
തിരുവനന്തപുരം: നികുതി ഒഴിവാക്കി നൽകാനുള്ള സർക്കാരിന്റെ സാക്ഷ്യപത്രത്തോടെ യു.എ.ഇ കോൺസുലേറ്റ് ഇറക്കുമതി ചെയ്ത 17,000കിലോ ഈന്തപ്പഴം പുറത്ത് വിതരണം ചെയ്തതിൽ വിശദമായ അന്വേഷണത്തിന് കസ്റ്റംസ്. കേസെടുത്ത കസ്റ്രംസ്, കോൺസൽ ജനറലിനെയും അറ്റാഷെയും ഉൾപ്പെടുത്താനാവുമോയെന്ന് വിദേശകാര്യ മന്ത്രാലയത്തോട് വ്യക്തത തേടി. കോൺസുലേറ്റിലെ ഇന്ത്യക്കാരായ ജീവനക്കാരെ നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യംചെയ്യും.
അനാഥാലയങ്ങളിലെയും സ്പെഷ്യൽ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് ഈന്തപ്പഴം നൽകാനുള്ള കോൺസുലേറ്റിന്റെ പദ്ധതിയുമായി സഹകരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരെയും കസ്റ്റംസ് ചോദ്യംചെയ്യും. സർക്കാരിൽ നിന്ന് വിശദീകരണം തേടാനും തീരുമാനിച്ചു.
ഈന്തപ്പഴം ഏതൊക്കെ സ്‌കൂളുകളിൽ വിതരണം ചെയ്തെന്ന വിവരം സാമൂഹികനീതി വകുപ്പിനോടു തേടിയിട്ടുണ്ട്. കണക്കുകൾ 30ന് മുൻപ് അറിയിക്കണം. എന്നാൽ കണക്കുകൾ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്ന് സാമൂഹ്യനീതി വകുപ്പ് വ്യക്തമാക്കി.
2017ൽ യു.എ.ഇ വാർഷിക ദിനത്തോടനുബന്ധിച്ചാണ് ഈന്തപ്പഴം എത്തിച്ചത്. 250 ഗ്രാം വച്ച് 40,000 കുട്ടികൾക്ക് നൽകാനെന്നാണ് കോൺസലേറ്റ് വ്യക്തമാക്കിയിരുന്നത്. 2017 മേയിൽ കോൺസൽ ജനറലും സ്വപ്നയും പങ്കെടുത്ത മുഖ്യമന്ത്രിയുടെ ചേംബറിലെ ചടങ്ങിൽ മുഖ്യമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പൂജപ്പുര ചിൽഡ്രൻസ് ഹോമിലേതടക്കം വിദ്യാർത്ഥികൾക്ക് ഈന്തപ്പഴം അന്നു നൽകി. പിന്നീട് സ്കൂളുകളിൽ കാര്യമായി ഈന്തപ്പഴം എത്തിയില്ല.
യു.എ.ഇ ഭരണാധികാരിയുടെ സമ്മാനമായാണ് ഈന്തപ്പഴം നൽകുന്നതെന്നാണ് അന്ന് സ്വപ്നയും സംഘവും മാദ്ധ്യമങ്ങളോട് പറഞ്ഞത്. പക്ഷേ ആയിരം കുട്ടികൾക്കു പോലും ഈന്തപ്പഴം ലഭിച്ചിരുന്നില്ലെന്നാണ് നിഗമനം. അതേസമയം, പല വി.ഐ.പികൾക്കും വിശിഷ്ടാതിഥികൾക്കും മുന്തിയ ഇനം ഈന്തപ്പഴം എത്തിച്ചിരുന്നു. ഉന്നതരുമായി സൗഹൃദമുണ്ടാക്കാൻ സ്വപ്ന ഈ വഴിയും ഉപയോഗിച്ചെന്നാണ് കസ്റ്രംസിന്റെ നിഗമനം.
ഈന്തപ്പഴം എവിടെ, ആർക്കൊക്കെ വിതരണം ചെയ്തെന്നറിയാൻ സ്വപ്നയെ വിശദമായി ചോദ്യംചെയ്യും. ഈന്തപ്പഴം കൊണ്ടുവന്നതിന്റെ മറവിലും സ്വർണം കടത്തിയിട്ടുണ്ടോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 30 കിലോഗ്രാം സ്വർണം പിടിച്ച ബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു. തന്റെ ആവശ്യത്തിനായാണ് ഇത് എത്തിച്ചതെന്നാണ് അറ്റാഷെ കസ്റ്റംസിന് എഴുതി നൽകിയ മൊഴി.