സ്വർണ്ണക്കടത്ത് കേസന്വേഷണം: രാഷ്ട്രീയക്കളി ആരോപണം കനപ്പിക്കാൻ ഇടതുനീക്കം
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസന്വേഷണത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കത്തിൽ വിമർശനം കടുപ്പിച്ചുള്ള സി.പി.ഐയുടെ രംഗപ്രവേശം, ഇക്കാര്യത്തിൽ രാഷ്ട്രീയ പ്രത്യാക്രമണം ശക്തമാക്കാനുള്ള ഇടതുപക്ഷ നീക്കത്തിന്റെ ഭാഗമെന്ന് സൂചന.
മന്ത്രി ജലീലിന്റെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫ്, ബി.ജെ.പി പ്രതിഷേധങ്ങൾ തെരുവിൽ ശക്തമാക്കിയതോടെയാണിത്. പ്രതിരോധമല്ല, പ്രത്യാക്രമണമാണ് വേണ്ടതെന്ന് കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ വ്യക്തമാക്കിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്, ബി.ജെ.പിയുടെ രാഷ്ട്രീയക്കളിയെന്ന വിമർശനവുമായി ഇന്നലെ രംഗത്തെത്തിയത്.
മന്ത്രി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ, കേന്ദ്ര ഏജൻസികളുടെ നീക്കത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സംശയങ്ങളുന്നയിച്ചിരുന്നു. അന്വേഷണം ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു കൊണ്ടിരുന്നപ്പോൾ തന്നെയാണ്, അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യത്തിനായി ബി.ജെ.പി ദുരുപയോഗിക്കുന്നുവെന്ന സംശയം പാർട്ടി ഉയർത്തിയത്. അന്വേഷണം ബി.ജെ.പിയിലേക്കെത്തുമ്പോൾ വഴി തിരിച്ചുവിടാനാണ് ജലീലിനെതിരായ നീക്കങ്ങളെന്നാണ് വ്യാഖ്യാനം. കാരണമായി ചൂണ്ടിക്കാട്ടിയത് ,ആർ.എസ്.എസ് അനുകൂല ചാനലിന്റെ കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ ചോദ്യം ചെയ്തശേഷം തുടർനടപടികളില്ലാതിരുന്നതാണ്. സ്വർണ്ണമെത്തിച്ചത് നയതന്ത്ര ബാഗേജിലൂടെയല്ലെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രതികരണവും ദുരൂഹമാണെന്ന ആക്ഷേപമാണ് സി.പി.എമ്മിന്.
നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയ സംഭവത്തിൽ യഥാർത്ഥത്തിൽ പിടി കൂടേണ്ടവരെ ഇനിയും ചോദ്യം ചെയ്തില്ലെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും രംഗത്തു വന്നിരുന്നു. അതേസമയം, കോൺഗ്രസ് സർക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് ദേശീയ ഏജൻസികളെ ബി.ജെ.പി പലേടത്തും ദുരുപയോഗിച്ചത് എന്നിരിക്കെ, അവരുമായി കൂട്ടുകൂടുകയാണ് കേരളത്തിൽ കോൺഗ്രസെന്നാണ് കാനത്തിന്റെ കുറ്റപ്പെടുത്തൽ.
ദേശീയ ഏജൻസികളെ സർക്കാരിനെതിരെ തിരിച്ചുവിടാൻ ബി.ജെ.പി ശ്രമം: കാനം
സ്വർണക്കടത്ത് വിവാദത്തിൽ പുകമറയുണ്ടാക്കി സംസ്ഥാനസർക്കാരിനെതിരെ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ദേശീയ ഏജൻസികൾ നടത്തുന്നതെന്നും ബി.ജെ.പിയുടെ രാഷ്ട്രീയനീക്കമാണിതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു. മന്ത്രി ജലീൽ രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം അപ്രസക്തമാണ്. ദേശീയ ഏജൻസികളെ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. അതുകൊണ്ടാണ് പിടിച്ചെടുത്ത 30കിലോ സ്വർണം ആര് അയച്ചു എന്ന് ആറ് മാസമായിട്ടും കണ്ടെത്താത്തത്. കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിലാണ് വന്നത്. അവരെയാരെയും ചോദ്യം ചെയ്തിട്ടില്ല. അതിനുള്ള അനുവാദം കേന്ദ്ര വിദേശകാര്യ, ആഭ്യന്തര വകുപ്പുകൾ എൻ.ഐ.എയ്ക്ക് കൊടുത്തിട്ടില്ല. ഇതൊക്കെ കാണുന്നൊരാൾ ഇതിലൊരു രാഷ്ട്രീയവുമില്ല എന്ന് പറയണമെങ്കിൽ അയാൾ കണ്ണുപൊട്ടനായിരിക്കണം. കേന്ദ്രസഹമന്ത്രി വി. മുരളീധരനെ സംശയിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, വ്യക്തിപരമായി ആരെയും സംശയിക്കുന്നില്ലെന്നായിരുന്നു മറുപടി. അതേസമയം, ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചാണ് മറ്റുപാർട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതെന്ന് കാനം പറഞ്ഞു. മുഖ്യമന്ത്രി അന്വേഷണം ആവശ്യപ്പെട്ടതുകൊണ്ട് കേന്ദ്ര ഏജൻസികൾക്ക് കൊള്ളരുതായ്മ കാണിക്കാമെന്നർത്ഥമില്ല. അടുത്ത മേയ് മാസം വരെ അന്വേഷണം നീട്ടിക്കൊണ്ടുപോകുമെന്ന് ഉറപ്പാണ്. സർക്കാരിനെതിരെ കുഴപ്പമുണ്ടാക്കാൻ അവർ ശ്രമിക്കും. അതുകൊണ്ട് ഇവിടെ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. മന്ത്രി ജലീൽ രാജിവയ്ക്കാത്തതിൽ അധാർമ്മികതയില്ല. എന്നാൽപ്പിന്നെ 19 മന്ത്രിമാരെയും ചോദ്യം ചെയ്താൽ സർക്കാർ താഴെ പോവില്ലേ. പ്രതിപക്ഷത്തിന്റേത് ഖുറാൻ വിരുദ്ധനീക്കമെന്ന് സി.പി.എം ആക്ഷേപിച്ചിട്ടില്ല. അതൊക്കെ മാദ്ധ്യമങ്ങളുടെ വ്യാഖ്യാനമാണെന്ന് കാനം പറഞ്ഞു.