വളർത്തുനായയുടെ പേരിൽ വെടിയുതിർത്ത് അയൽവാസികൾ
Tuesday 22 September 2020 12:05 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിൽ വളർത്തുനായയെ ചൊല്ലിയുളള വഴക്കിനെ തുടർന്ന് അയൽവാസി വയോധികനെ വെടിവച്ചു. ഗുരുതരമായി പരിക്കേറ്റ രാജേഷ് മിശ്ര ആഗ്രയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
യു.പിയിലെ എറ്റാ ജില്ലയിലാണ് സംഭവം. വളർത്തുനായയുമായി നടക്കാൻ ഇറങ്ങിയതായിരുന്നു രാജേഷ്. വഴിയിൽ കറുത്ത നിറമുള്ള നായയെ കാണാൻ വൃത്തിയില്ലെന്ന് പറഞ്ഞ് അയൽവാസി ദീപക് മിശ്ര രാജേഷിനെ പരിഹസിച്ചു. ഇത് വാക്കേറ്റത്തിൽ കലാശിച്ചു. പ്രകോപിതനായ ദീപക് കൈയിലുള്ള തോക്കെടുത്ത് രാജേഷിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഇരുവരും പരസ്പരം നിറയൊഴിച്ചതായി പൊലീസ് പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.