ബിഹാറിന്റെ ഹൈവേ പ്രോജക്‌ടുകൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

Tuesday 22 September 2020 12:18 AM IST

പാറ്റ്ന: ബിഹാറിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഹൈവേ പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസു വഴിയാണ് ബിഹാറിലെ 9 ഹൈവേ പ്രോജക്ടുകൾക്ക് പ്രധാനമന്ത്രി തറക്കല്ലു പാകിയത്. 350 കിലോ മീറ്റർ ദൈർഘ്യമുള്ള പ്രോജക്ടുകൾക്കെല്ലാം കൂടി 14258 കോടി രൂപയാണ് ചെലവ്. 3 ഹൈവേ പദ്ധതികൾ ബിഹാറിലെ സാമ്പത്തികവും സാമൂഹികവുമായ വികസനം ലക്ഷ്യമിട്ടുള്ളതാണ്. പ്രത്യേകിച്ച് തൊട്ടടുത്ത സംസ്ഥാനങ്ങളായ ജാർഖണ്ഡിലെയും ഉത്തർപ്രദേശിലെയും ചരക്കു ഗതാഗതം സുഗമമാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

45945 ഗ്രാമങ്ങളെ ഒന്നിപ്പിക്കുന്ന ഒപ്ടിക്കൽ ഫൈബർ ഇന്റർനെറ്റ് സംവിധാനത്തിനും പ്രധാനമന്ത്രി ഇന്നലെ തുടക്കം കുറിച്ചിട്ടുണ്ട്. 2015ലാണ് ബിഹാറിന്റെ വികസനത്തിനായി ഈ പ്രോജക്ടുകൾ പ്രത്യേക പാക്കേജായി പ്രഖ്യാപിച്ചത്. 54700 കോടിയുടെ ആകെ പദ്ധതി പ്രഖ്യാപനത്തിൽ 13 എണ്ണം പൂർത്തിയായി. 38 എണ്ണം നിർമ്മാണ പുരോഗതിയിലാണ്.