ടൈഗറിന് തുണയായി ഫയർഫോഴ്സ്
തിരുവനന്തപുരം: ചോക്ക് ചെയിനിൽ നാവ് കുടുങ്ങി അവശനായ നായയ്ക്ക് തുണയായി ചെങ്കൽച്ചൂള ഫയർഫോഴ്സ് ടീം. കുളത്തൂർ ഉച്ചക്കട ലക്ഷ്മി നിലയത്തിൽ രാഹുലിന്റെ റോഡ് വീലർ ഇനത്തിൽപ്പെട്ട നായ ടൈഗറിനെയാണ് വെറ്ററിനറി ആശുപത്രിയും കൈയൊഴിഞ്ഞതോടെ ഫയർഫോഴ്സ് രക്ഷിച്ചത്. ബെൽറ്റിന് പകരം ഉപയോഗിക്കുന്ന ചോക്ക് ചെയിനിന്റെ ചങ്ങലക്കണ്ണിക്കിടയിലാണ് നാവ് കുടുങ്ങിയത്. ഉടമസ്ഥർ വേർപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാവിന് നീരുവന്ന് പുറത്തേക്കുതള്ളി ഗുരുതരാവസ്ഥയിലായ നായയെ കുന്നപ്പുഴ വെറ്ററിനറി ആശുപത്രിയിൽ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ എത്തിച്ചെങ്കിലും ഡ്യൂട്ടി ഡോക്ടർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. രാത്രിയോടെ വീട്ടിലെത്തിയ സേനാംഗങ്ങൾ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് നാവ് ചങ്ങലക്കണ്ണികൾ മുറിച്ച് വേർപെടുത്തിയത്. ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ അമൽ രാജ്, ബിനു, ദിനൂപ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.