മയക്കുമരുന്ന് കേസ്; ദീപിക പദുക്കോണിനെ ചോദ്യം ചെയ്തേക്കും

Tuesday 22 September 2020 8:40 AM IST

മുംബയ് : ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ നടി ദീപികാ പദുക്കോണിനെ നാഷണല്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ (എന്‍.സി.ബി) ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ. 'ഡി', 'കെ' എന്നീ കോഡുകൾ മയക്കുമരുന്ന് ഉപയോഗിച്ചവരുടെ ചാറ്റിൽ വന്നതാണ് ദീപികയിലേക്ക് അന്വേഷണം നീളാൻ കാരണം.

'ഡി' എന്നത് ദീപികയും 'കെ' എന്നത് ഖ്വാന്‍ ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സി ജീവനക്കാരി കരിഷ്മയാണെന്നും അന്വേഷണ സംഘം കണ്ടെത്തി. കരീഷ്മയെ നാളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തിയുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റുകളില്‍ ദീപകയുടെ പേരുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. റിയ ചക്രബര്‍ത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലിഖാൻ, രാകുല്‍ പ്രീത് സിങ് എന്നിവരെ എന്‍.സി.ബി ചോദ്യം ചെയ്തേക്കും.

ജൂൺ 14 നാണ് സുശാന്തിനെ മുംബയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. റിയയ്‌ക്കെതിരെ നടന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് റിയയുടെ ഫോണിൽ മയക്കുമരുന്ന് വാങ്ങുന്നതിനെക്കുറിച്ചുള്ള ചാറ്റുകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.