ഇന്ത്യ വിരട്ടി, അടിപതറി നേപ്പാൾ:ഇന്ത്യൻ പ്രദേശങ്ങൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങളുടെ വിതരണം നിർത്തി

Tuesday 22 September 2020 9:26 PM IST

കാഠ്മണ്ഡു : ഭൂപടത്തിലും പാഠം പുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ കൂട്ടിച്ചേർത്താൽ ഉടമസ്ഥാവകാശമുന്നയിക്കാമെന്ന് കരുതിയ നേപ്പാൾ തീരുമാനങ്ങളിൽ മാറ്റം വരുത്തുന്നു. ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെട്ട പുതിയ ഭൂപടം, വരാൻ പോകുന്ന അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങളിൽ അച്ചടിച്ചെന്നായിരുന്നു നേപ്പാളിന്റെ വാദം. എന്നാൽ വീരവാദം മുഴക്കലിന് തൊട്ടുപിന്നാലെ പുസ്തകത്തിന്റെ വിതരണം നേപ്പാൾ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.

ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിപുലേഖ്, ലിമ്പിയാധുര പ്രദേശങ്ങളാണ് നേപ്പാൾ സ്വന്തം ഭൂപടത്തിൽ ഉൾപ്പെടുത്തിയത്. നേപ്പാളിന്റെ നീക്കത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉണ്ടായിരുന്നു. മോദി സർക്കാർ കടുത്ത മുന്നറിയിപ്പ് നേപ്പാളിന് നൽകിയിരുന്നു. തുടർന്നാണ് ഇന്ന് നടന്ന ക്യാബിനറ്റ് യോഗത്തിൽ പുസ്തക വിതരണം നിർത്തിവയ്ക്കാൻ നേപ്പാൾ സർക്കാർ തീരുമാനമെടുത്തത്.

വസ്തുതാപരമായ പിശകുകൾ ഉണ്ടെന്ന് കാട്ടിയാണ് പാഠപുസ്തക വിതരണം നിർത്തിയതെന്നാണ് നേപ്പാൾ അധികൃതരുടെ വിശദീകരണം. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലേക്കുള്ള പുതിയ പാഠപുസ്തകം ഇനി അച്ചടിക്കേണ്ടെന്നും വിതരണം നിർത്തിവയ്ക്കണമെന്നുമാണ് ക്യാബിനറ്റ് യോഗം വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പുതിയ ഭൂപടം പാഠപുസ്തകത്തിലും കറൻസിയിലും ഉൾപ്പെടുത്തി ഇന്ത്യൻ മണ്ണിൽ അവകാശവാദം ഉന്നയിക്കാനുള്ള നേപ്പാളിന്റെ നീക്കം പുറത്തുവന്നത്. വിദ്യാഭ്യാസ മേഖലയിലും വ്യാപാര രംഗത്തും പുതുക്കിയ ഭൂപടം പ്രചരിപ്പിക്കുകയായിരുന്നു നേപ്പാളിന്റെ പദ്ധതി. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇതിനകം തന്നെ പുതിയ ഭൂപടം ഉൾപ്പെടുത്തി പുസ്തകം നൽകിയതായും നേപ്പാൾ വിദ്യാഭ്യാസ മന്ത്രി ഗിരിരാജ് മനി പൊഖ്രിയാൽ അറിയിച്ചിരുന്നു.

വിദ്യാഭ്യാസ മന്ത്രി തന്നെയാണ് പാഠ്യ ഭാഗത്തിന് ആമുഖം തയാറാക്കിയിരിക്കുന്നതും. നേപ്പാളിന്റെ അവകാശവാദങ്ങൾ ചരിത്രവസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ലെന്നും അതിർത്തി പ്രശ്നങ്ങൾ ചർച്ച നടത്താമെന്ന നിലവിലുള്ള ധാരണയുടെ ലംഘനമാണ് നേപ്പാൾ നടത്തുന്നതെന്നും ഇന്ത്യ നേരത്തെ തന്നെ അറിയിച്ചിരുന്നു.