ഇന്ത്യ-ചെെന അതിർത്തി   തർക്കം, സംയുക്ത പ്രസ്താവനയിറക്കി ഇരുരാജ്യങ്ങളും: ഏകപക്ഷീയമായി തൽസ്ഥിതിമാറ്റില്ല

Tuesday 22 September 2020 10:23 PM IST

ന്യൂഡൽഹി: ഇന്ത്യ-ചെെന അതിർത്തി തർക്കത്തിൽ സംയുക്ത പ്രസ്താവനയിറക്കി ഇരുരാജ്യങ്ങളും. അതിർത്തിയിലേക്ക് കൂടുതൽ സേനയെ അയയ്ക്കുന്നത് ഒഴിവാക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര തെറ്റിദ്ധാരണ മാറ്റുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ഏകപക്ഷീയമായി തൽസ്ഥിതി മാറ്റില്ലെന്നും അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഉടൻ കമാൺഡർതല ചർച്ച നടത്തുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.




ആറാമത്തായി നടന്ന കമാൺഡർതല ചർച്ചയിലായി ഇതുസംബന്ധിച്ച് തീരുമാനമായത്. ലഫ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പി.ജി.കെ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. വിദേശ കാര്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ആറാം വട്ട കമാൺഡര്‍ തല ചര്‍ച്ചയില്‍ പങ്കെടുത്തു. തർക്കമേഖലകളിൽ നിന്ന് ചൈന ആദ്യം പിന്മാറണമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. എല്ലാ പട്രോള്‍ പോയിന്‍റുകളിലും പ്രവേശനം അനുവദിക്കണമെന്നും ചൈനയുമായുള്ള കമാൺഡര്‍ തല ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി വൈകിയും ചർച്ച നീണ്ടുവെങ്കിലും സമവായത്തിലെത്തിയില്ല. ശൈത്യകാലത്തിന് മുന്നോടിയായി ഇരു രാജ്യങ്ങളും ഒരു ധാരണയിലെത്തുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിറക്കിയത്.