ചെറായി സ്വദേശിയുടെ കൊലപാതകം; കൊലയ്ക്ക് കാരണം കാമുകിയെ ചൊല്ലിയുള്ള തർക്കം, മൂന്ന് പേർ അറസ്റ്റിൽ
കൊച്ചി: ചെറായി സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചെറായി സ്വദേശികളായ അമ്പാടി, ശരത്, ജിബിൻ എന്നിവരാണ് അറസ്റ്റിലായത്. ഒരു പ്രതിക്കായി തിരച്ചിൽ തുടരുന്നു. ശരത്തിന്റെ കാമുകിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
ചെറായി രാമവർമ്മ കിഴക്ക് പാഞ്ചാലതുരുത്ത് പരേതനായ കല്ലുമഠത്തിൽ പ്രസാദിന്റെ മകൻ പ്രണവാണ് (23) കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ നാലരയോടെ ബീച്ച് റോഡിലൂടെ വന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തലയ്ക്കും കൈക്കും അടിയേറ്റ് ചോരയിൽ കുതിർന്ന നിലയിലായിരുന്നു. മൃതദേഹത്തിനടുത്ത് നിന്ന് ശീമക്കൊന്ന പത്തലും പൊട്ടിയ ട്യൂബ് ലൈറ്റുകളും കണ്ടെത്തിയിരുന്നു.
ചൊവാഴ്ച പുലർച്ചെ നാല് മണിയോടെയാണ് കൊലപാതകം നടന്നത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് മുനമ്പം എസ് ഐ വി.കെ. സുധീറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.