ജൂവലറി തട്ടിപ്പ്; കമറുദീനെതിരെ ഏഴ് വഞ്ചന കേസുകൾ കൂടി; ആകെ കേസുകൾ 63 ആയി

Wednesday 23 September 2020 8:53 AM IST

കാസർകോട്: മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദീനെതിരെ ഏഴ് വഞ്ചന കേസുകൾ കൂടി രജി‌സ്‌റ്റർ ചെയ്‌തു. ചന്തേര സ്റ്റേഷനിൽ ആറ് വഞ്ചന കേസുകളും കാസർകോട് ടൗൺ സ്റ്റേഷനിൽ ഒരു കേസുമാണ് ജൂവലറി ചെയർമാനായ എം.സി കമറുദീൻ എം.എൽ.എയുടേയും എം.ഡി പൂക്കോയ തങ്ങളുടേയും പേരിൽ രജിസ്റ്റർ ചെയ്തത്.

വലിയപറമ്പ്, പടന്ന, പയ്യന്നൂർ,തൃക്കരിപ്പൂർ സ്വദേശികളായ ആറ് പേരിൽ നിന്നായി 88,55,000 രൂപ തട്ടിയെന്ന പരാതിയിലാണ് ചന്ദേര സ്റ്റേഷനിൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. നിക്ഷേപമായി വാങ്ങിയ ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന് ചെറുവത്തൂർ സ്വദേശിയുടെ പരാതിയിലാണ് കാസർകോട് ടൗൺ സ്റ്റേഷനിലെ കേസ്.

ഇതോടെ എം.എൽ.എ പ്രതിയായ വഞ്ചന കേസുകളുടെ എണ്ണം 63 ആയി. അതേസമയം എം.സി കമറുദീൻ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ ട്രഷററുമായ തൃക്കരിപ്പൂർ ആർട്സ് ആൻ‍ഡ് സയൻസ് കോളേജിന്റെ പേരിൽ 85 ആളുകളിൽ നിന്നായി അഞ്ച് ലക്ഷം രൂപ നിക്ഷേപമായി വാങ്ങി പിന്നീട് പണമോ ലാഭ വിഹിതമോ നൽകാതെ വഞ്ചിച്ചെന്ന ആരോപണവുമായി എസ്.എഫ്.ഐ രംഗത്തെത്തി. 2013ൽ തുടങ്ങിയ കോളേജ് ഇപ്പോഴും പ്രവർത്തിക്കുന്നത് താത്ക്കാലിക കെട്ടിടത്തിലാണ്.

മൂന്ന് വർഷത്തിനകം സ്വന്തമായി കെട്ടിടം വേണമെന്ന വ്യവസ്ഥ ലംഘിച്ചാണ് പ്രവർത്തനമെന്നും എസ്.എഫ്.ഐ ആരോപിക്കുന്നു. അതേസമയം കോളേജിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ് ആരോപണം അടിസ്ഥാന രഹിതമാണെന്നും നാല് മാസത്തിനകം പുതിയ കെട്ടിടത്തിലേക്ക് മാറിയാൽ മതിയെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നും കോളേജ് അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു.