ആദ്യ പോസ്റ്റിംഗ്  ഇന്ത്യന്‍ സൈനികരുള്ള ലഡാക്കിലെ അതിര്‍ത്തിയില്‍... ചൈനയുടെ 'ചോക്കളേറ്റ് സൈനികര്‍' കരഞ്ഞുകൊണ്ട് പട്ടാളഗാനം ആലപിക്കുന്ന വീഡിയോ വൈറല്‍

Wednesday 23 September 2020 2:52 PM IST

ബീജിംഗ് : ലഡാക്കില്‍ അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ട ചൈനീസ് ഭടന്‍മാര്‍ അതിശൈത്യം താങ്ങാനാവാതെ ചികിത്സാ സഹായം തേടിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഒരു സംഘം യുവ സൈനികര്‍ വാഹനത്തില്‍ കരഞ്ഞുകൊണ്ട് സൈനിക ഗാനം ആലപിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നിയോഗിക്കപ്പെട്ട സൈനികരുടെ വിലാപം എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. പാകിസ്ഥാന്‍ ടി വി താരമാണ് ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോയില്‍ ഇന്ത്യയ്‌ക്കെതിരെ ചൈനയെ പാകിസ്ഥാന്‍ സഹായിക്കണമെന്നും എഴുതിയിട്ടുണ്ട്.

വീഡിയോയിലെ ചൈനീസ് സൈനികരെ കുറിച്ച് തായ്വാനിലെ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടന്‍തന്നെ സൈന്യത്തില്‍ ചേരേണ്ടിവന്ന യുവാക്കളാണ് ഇവരെന്നും, പരിശീലനത്തിന് ശേഷം ആദ്യ പോസ്റ്റിംഗ് സംഘര്‍ഷ ഭരിതമായ ലഡാക്കിലേക്ക് ആയതിനാലും, മാതാപിതാക്കളെ പിരിയുന്ന വേദനയാലും സൈനികര്‍ സങ്കടപ്പെടുന്നതായാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. ഇന്ത്യയുമായുള്ള തര്‍ക്കമുണ്ടാകുമ്പോഴെല്ലാം 1962 ഓര്‍മ്മിക്കണം എന്ന വാദമാണ് ചൈനയില്‍ നിന്നുമുള്ള സര്‍ക്കാര്‍ നിയന്ത്രിത മാദ്ധ്യമങ്ങളില്‍ നിന്നും ഉയരുന്നത്. അതേസമയം ചൈനീസ് സൈനികരുടെ മനോബലം ഇന്ത്യന്‍ സൈനികരെക്കാളും വളരെ താഴ്ന്ന നിലയിലുള്ളതെന്നാണ് പൊതുവെ വിലയിരുത്തുന്നത്. കാശ്മീരിലടക്കം ദുര്‍ഘടമായ ഭൂപ്രകൃതിയില്‍ തീവ്രവാദികളോടെ നിരന്തരം ഏറ്റുമുട്ടുന്ന ഇന്ത്യന്‍ സൈന്യം എപ്പോഴും യുദ്ധസജ്ജരാണ്. എന്നാല്‍ സിംഗിള്‍ ചൈല്‍ഡ് പോളിസി നടപ്പിലാക്കിയതുകാരണം മാതാപിതാക്കളുടെ ലാളന അധികമായി ലഭിച്ച് വളരുന്ന ചൈനീസ് പട്ടാളക്കാര്‍ എപ്പോഴും വൈകാരികമായി പെരുമാറുന്നുവെന്നും, യുദ്ധമുന്നണിയിലേക്ക് പോകുവാന്‍ മടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത് ശരിവയ്ക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.



തായ്‌വാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചൈനയിലെ അനോഹി എന്ന സ്ഥലത്ത് നിന്നുമുള്ള കാഴ്ചയാണ് ഇതെന്നാണ്. ചൈനീസ് സമൂഹമാദ്ധ്യമമയായ വീ ചാറ്റിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്നും, പിന്നീട് ഇത് നീക്കം ചെയ്യപ്പെട്ടു എന്നും വിശദീകരിക്കുന്നു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്കിലെ ടിബറ്റന്‍ മേഖലയിലേക്കാണ് യുവാക്കളായ സൈനികര്‍ക്ക് പോസ്റ്റിംഗ് ലഭിച്ചതെന്നും ചൈനീസ് പീപ്പിള്‍സ് ആര്‍മിയുടെ 'ഹരിത പുഷ്പങ്ങള്‍ ഇതാ സൈന്യത്തില്‍' എന്ന ഗാനമാണ് ഇവര്‍ ആലപിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ ഇരുപതോളം ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ച ഗല്‍വാന്‍ സംഘര്‍ഷത്തിലടക്കം തങ്ങളുടെ ഭാഗത്തുള്ള ആള്‍നാശം ഒളിപ്പിച്ചുവയ്ക്കുകയാണ് ചൈന ചെയ്യുന്നത്. നാല്‍പ്പതിന് പുറത്ത് ചൈനീസ് ഭടന്‍മാര്‍ക്ക് ഗല്‍വാനില്‍ മരണം സംഭവിച്ചു എന്ന വിവരമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഇപ്പോള്‍ പുറത്ത് വന്ന വീഡിയോയിലെ ചൈനീസ് ഭടന്‍മാരുടെ ഭയം സൂചിപ്പിക്കുന്നത് കനത്ത ആള്‍നാശം ചൈനയ്ക്ക് ഉണ്ടായി എന്നുതന്നെയാണ്.

CONTENT Chinese soldiers crying as they allegedly head to Sino Indian border