അബദ്ധത്തിൽ വൈദ്യുതി തടസപ്പെട്ടു; ഓക്‌സിജൻ കിട്ടാതെ രണ്ട് കൊവിഡ് രോഗികൾ മരിച്ചു

Wednesday 23 September 2020 5:48 PM IST

ചെന്നൈ: അ‌റ്റകു‌റ്റപണിയെ തുടർന്ന് വൈദ്യുതി തടസപ്പെട്ടതോടെ തിരുപ്പൂർ ജനറൽ ആശുപത്രിയിൽ രണ്ട് കൊവിഡ് രോഗികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചു. വൈദ്യുതി നിലച്ചതോടെ ഓക്‌സിജൻ പമ്പുകൾ മൂന്ന് മണിക്കൂറോളം പ്രവർത്തിച്ചില്ലെന്നും അബദ്ധത്തിലാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും ജില്ലാ കളക്‌ടർ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച് ഐസൊലേഷൻ വാർഡിലായിരുന്ന കൗരവൻ(59), യശോദ(67) എന്നിവരാണ് മരണമടഞ്ഞത്.

സംഭവത്തിന് കാരണം അനാസ്ഥയാണെന്ന് ആരോപിച്ച് മരണമടഞ്ഞവരുടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ജില്ലാ കളക്‌ടറും തിരുപ്പൂർ മെഡിക്കൽ കോളേജ് ഡീനും ആശുപത്രി പരിസരത്ത് പണി നടക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണ് അപകടമെന്ന് കണ്ടെത്തി.സംഭവത്തിന് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ല കളക്‌ടർ കെ. വിജയ കാർത്തികേയൻ അറിയിച്ചു.