തുർക്കി പ്രസിഡന്റിനെതിരെ ഇന്ത്യ

Thursday 24 September 2020 1:08 AM IST

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ കാശ്‌മീർ വിഷയം ഉന്നയിച്ച തുർക്കി പ്രസിഡന്റ് റസെപ് തയ്യിബ് എർദോഗനെ കടുത്തഭാഷയിൽ വിമർശിച്ച് ഇന്ത്യ. എർദോഗന്റെ പ്രസംഗം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്നും, ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും യു.എന്നിലെ സ്ഥിരം ഇന്ത്യൻ പ്രതിനിധി ടി.തിരുമൂർത്തി പറഞ്ഞു.

"ജമ്മു കാശ്‌മീരുമായി ബന്ധപ്പെട്ട് തുർക്കി പ്രസിഡന്റ് നടത്തിയ പരാമർശങ്ങൾ ഞങ്ങൾ കണ്ടിരുന്നു. അവ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കടുത്ത ഇടപെടലാണ്, ഇത് പൂർണമായും അസ്വീകാര്യമാണ്. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും സ്വന്തം നയങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിൽ പ്രതിഫലിപ്പിക്കാനും തുർക്കി പഠിക്കണം." - തിരുമൂർത്തി ട്വീറ്റ് ചെയ്തു. ജനറൽ അസംബ്ലിയുടെ രണ്ടാം ദിനമായിരുന്നു എർദോഗൻ വിവാദ പരാമർശം നടത്തിയത്. ദക്ഷിണേഷ്യയുടെ സ്ഥിരതയ്ക്കും സമാധാനത്തിനുമിടയിൽ കാ‌ശ്‌മീർ പോരാട്ടം ഒരു കത്തുന്ന വിഷയമാണെന്നും, യു.എന്നിന്റെ പ്രമേയങ്ങളുടെ ചട്ടക്കൂടിനുള്ളിലെ സംഭാഷണത്തിലൂടെയും കാശ്‌മീർ ജനതയുടെ പ്രതീക്ഷകൾക്ക് അനുസൃതമായും പ്രശ്‌നം പരിഹരിക്കണമെന്നുമാണ് എർദോഗൻ പറഞ്ഞത്.