2060നുള്ളിൽ കാർബൺ ന്യൂട്രൽ രാജ്യമാകാൻ ചൈന

Thursday 24 September 2020 12:12 AM IST

ജനീവ: ലോകത്ത് ഏറ്റവുമധികം മലിനീകരണമുണ്ടാക്കുകയും മലിനീകരണ വിഷയത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ എതിർപ്പ് നേടുന്നതിനിടെ 2060ഓടെ കാർബൺ ന്യൂട്രൽ രാജ്യമാകുമെന്ന് പ്രഖ്യാപിച്ച് ചൈന. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യമായാണ് കാലാവസ്ഥ വ്യതിയാനം ചെറുക്കാനായി ഇത്ര വലിയ പ്രഖ്യാപനം ചൈന നടത്തുന്നത്.

2030ന് മുന്നോടിയായി രാജ്യം പുറന്തള്ളുന്ന കാ‍ർബൺ ഡയോക്സൈഡിന്റെ അളവിൽ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞതായി അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനായി ചൈന കൂടുതൽ ശക്തമായ നയങ്ങളും നടപടികളും സ്വീകരിക്കുമെന്ന് വ്യകതമാക്കിയ ഷി കൊവിഡിന് ശേഷം രാജ്യങ്ങൾ പരിസ്ഥിതിയിൽ ഊന്നിയ സാമ്പത്തിക വികസനം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനായി ചൈന ദേശീയതലത്തിൽ നൽകുന്ന സംഭാവന വർദ്ധിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിരുന്നു.

അമേരിക്കൻ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപാണ് ചൈനയുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. കാലാവസ്ഥാ വിഷയത്തിൽ യാഥാസ്ഥിതിക നിലപാട് സ്വീകരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മലിനീകരണത്തിന്റെ മൂലകാരണം ചൈനയാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.