കൊവിഡ് രോഗികളെത്തി: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റും ഓപ്പറേഷൻ തീയറ്ററും അടച്ചിട്ടു

Wednesday 23 September 2020 8:22 PM IST

അണു നശീകരണം നടത്തി ഇന്ന് തുറന്നേക്കും

കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റും അസ്ഥിരോഗ വിഭാഗം ഓപ്പറേഷൻ തീയറ്ററും ഇന്നലെ അടച്ചിട്ടു.അണു നശീകരണം നടത്തി ഇന്ന് യൂണിറ്റ് തുറക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.കഴിഞ്ഞ ദിവസം വൈകീട്ട് ഡയാലിസിസിനെത്തിയ രോഗിയുടെ രക്തപരിശോധനാഫലം കൊവിഡ് പോസിറ്റീവായതോടെയാണ് യൂണിറ്റ് അടച്ചിട്ടത്.

രോഗിയെ പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസ്ഥിരോഗ ശസ്ത്രക്രിയാ യൂണിറ്റിൽ ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് രോഗമുണ്ടായതിനാൽ ചികിത്സിച്ച ഡോക്ടറും നിരീക്ഷണത്തിൽ പോയി.ഡോക്ടർ കഴിഞ്ഞദിവസം ശസ്ത്രക്രിയക്കെത്തിയതിനാലാണ് തീയറ്ററും അടച്ചിട്ടത്. വാർഡിൽ കിടത്തി ചികിത്സ നടത്തുന്ന രോഗികൾക്ക് വരെ കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട ചെയ്തിരുന്നു.ആശുപത്രിക്കകത്തുള്ള കാന്റീനിന്റെ പ്രവർത്തനം ഇന്നലെ മുതൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. കാന്റീനിൽ നിന്ന് ഇനി മുതൽ ഭക്ഷണങ്ങൾ പാർസലായി മാത്രമേ നൽകുകയുള്ളൂവെന്ന് സെക്രട്ടറി സജീവൻ അറിയിച്ചു.