കാമുകിയെ കാണാനെത്തിയ കൗമാരക്കാരനെ വീട്ടുകാർ അടിച്ചുകൊന്നു
ന്യൂഡൽഹി: ഉത്തർപ്രദേശിൽ കാമുകിയെ കാണാൻ എത്തിയ പതിനേഴുകാരനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് വടി കൊണ്ട് അടിച്ചു കൊന്നു. കൗമാരക്കാരന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
കാമുകനെ വീട്ടുകാർ മർദ്ദിക്കുന്നത് കണ്ട പെൺകുട്ടി രണ്ട് കിലോമീറ്ററോളം ദൂരം ഓടി പതിനേഴുകാരന്റെ വീട്ടിൽ എത്തി സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. തുടർന്ന് കാണാതായ പെൺകുട്ടിയെ പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മഥുര ജില്ലയിലെ നഗ്ല ഭാരതീയ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗുജ്ജാർ വിഭാഗത്തിൽപ്പെട്ടയാളാണ് കൗമാരക്കാരൻ. പതിനാലുകാരി താക്കൂർ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ്. ഇരുവരും സ്‌കൂളിൽ വച്ച് പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു.
കാണണമെന്നാവശ്യപ്പെട്ട് പെൺകുട്ടി വീട്ടിലേക്ക് വിളിച്ചതിനെ തുടർന്നാണ് പതിനേഴുകാരൻ കൂട്ടുകാരനൊപ്പം എത്തിയത്. ഇരുവരെയും കണ്ട നാട്ടുകാരും പെൺകുട്ടിയുടെ വീട്ടുകാരും ചേർന്ന് ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞ് കൗമാരക്കാരന്റെ വീട്ടുകാർ സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
നാട്ടുകാരും വീട്ടുകാരും ചേർന്ന് കാമുകനെ ഒരു ദയയുമില്ലാതെ മർദ്ദിക്കുന്ന കണ്ട പെൺകുട്ടിയാണ് രണ്ടു കിലോമീറ്റർ ദൂരം ഓടി വിവരം 17കാരന്റെ വീട്ടിൽ അറിയിച്ചത്.
കൗമാരക്കാരനെ വീട്ടിലേക്ക് വിളിച്ചത് താൻ ആയതിനാൽ വീട്ടുകാർ തന്നെയും മർദ്ധിക്കുമെന്ന് ഭയന്ന പെൺകുട്ടി കൃഷിയിടത്തിൽ ഒളിച്ചിരുന്നു. പൊലീസെത്തി മണിക്കൂറുകളോളം തെരച്ചിൽ നടത്തിയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പ്ലസ്ടു പഠനം പൂർത്തിയാക്കിയ പതിനേഴുകാരൻ 350 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്ത് വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു.