നയതന്ത്ര സ്വർണക്കടത്ത്: ഇ.ഡി ഉദ്യോഗസ്ഥർക്ക് കൊവിഡ്; അന്വേഷണം തത്കാലം മുടങ്ങി

Thursday 24 September 2020 12:57 AM IST

കൊച്ചി: നയതന്ത്രചാനൽ സ്വർണക്കടത്തുകേസിൽ നിർണായകനീക്കങ്ങൾ നടത്തിയ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം താത്കാലികമായി മരവിച്ചു. രണ്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. അന്വേഷണസംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും ക്വാറന്റൈനിലായി.

മന്ത്രി കെ.ടി. ജലീലിനെ കേന്ദ്ര ഏജൻസികളിൽ ആദ്യം ചോദ്യംചെയ്തത് ഇ.ഡിയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിക്കും മണിക്കൂറുകളോളം ഇ.ഡിക്കു മുന്നിൽ മറുപടി പറയേണ്ടിവന്നു. എൻ.ഐ.എക്കും കസ്റ്റംസിനും സുപ്രധാനനീക്കങ്ങൾ നടത്താനാവാതിരിക്കുമ്പോഴാണ് ഇ.ഡി ഇരുവരെയും ചോദ്യംചെയ്തത്. ഇതിനു പിന്നാലെ മന്ത്രി ജലീലിനെ എൻ.ഐ.എയും ചോദ്യംചെയ്തു.

സ്വർണക്കടത്തിനു പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് ഇ.ഡിക്ക് സുപ്രധാനമായ വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിനെക്കുറിച്ചു വ്യക്തത തേടിയാണ് ജലീലിനെയും ബിനീഷിനെയും പ്രാഥമികമായി ചോദ്യംചെയ്തത്. രണ്ടാംഘട്ട ചോദ്യംചെയ്യലിനു തയ്യാറെടുക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിച്ചത്.

അതേസമയം എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെ ചോദ്യംചെയ്യുന്നത് തുടരുന്നു. ലാപ്ടോപ്പ്, മൊബൈൽഫോൺ എന്നിവയിൽനിന്ന് സ്വപ്ന മായ്ച്ചുകളഞ്ഞ വിവരങ്ങൾ അന്വേഷണസംഘം വീണ്ടെടുത്തതോടെയാണ് രണ്ടാംഘട്ട ചോദ്യംചെയ്യൽ. നേരത്തെ നൽകിയ മൊഴികളിൽ പലതും കളവാണെന്നും ഉന്നതരുടെ പേരുകൾ മറച്ചുവച്ചതായും എൻ.ഐ.എ കണ്ടെത്തി. തിരികെലഭിച്ച ഡിജിറ്റൽ തെളിവുകൾ ആധാരമാക്കിയാണ് നാലുദിവസത്തെ ചോദ്യം ചെയ്യൽ. രണ്ടുദിവസം പിന്നിട്ടു.