അവിടെയും ചൈനയുടെ പണി നടന്നില്ല, തോറ്റു തുന്നം പാടി; ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങൾക്ക് തുണയായത് ഐ.എസ്.ആർ.ഒ
ന്യൂയോർക്ക് : ചൈനയുമായുള്ള അതിർത്തി സംഘർഷം തുടരുന്നതിനിടെ ഇന്ത്യക്ക് നേർക്കുള്ള ചൈനയുടെ മുൻകാല ആക്രമണ ശ്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യയുടെ ഉപഗ്രഹ ശൃംഖലയ്ക്ക് നേരെയുിം ചൈനീസ് സൈബർ അറ്റാക്ക് ഉണ്ടായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. കംപ്യൂട്ടർ നെറ്റ്‌വർക്കിലൂടെ ചൈന ഇന്ത്യൻ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾക്ക് നേരെ 2017ലാണ് ആക്രമണം നടത്തിയത്. എന്നാൽ 2007 മുതൽ 2018 വരെയുള്ള കാലയളവിൽ നടത്തിയ പല സൈബർ ആക്രമണങ്ങളിൽ ഒന്നുമാത്രമാണിതെന്നും യു.എസ് ആസ്ഥാനമായ ചൈന എയറോസ്‌പേസ് സ്റ്റഡീസ് ഇൻസ്റ്റിൃറ്റ്യൂട്ട് അറിയിച്ചു.
അതേസമയം ഇസ്രോയുടെ സംവിധാനങ്ങൾക്ക് ഇത്തരം സൈബർ ആക്രമണങ്ങളോട് പൊരുതി നിൽക്കാനുള്ള ശേഷി ഉണ്ടെന്ന് ഐ.എസ്.ആർ.ഒ മേധാവി കെ.ശിവൻ പറയുന്നു. ഒരുവിവരവും ചോർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റർനെറ്റ് ഉൾപ്പെടെ പൊതുസഞ്ചയവുമായി യാതൊരു ബന്ധവുമില്ലാത്ത സ്വതന്ത്രവും ഒറ്റപ്പെട്ടതുമായ നെറ്റ്‌വർക്ക് സംവിധാനമാണ് ഇന്ത്യയ്ക്ക് ഉള്ളതെന്നും അതിനാൽ അതീവ സുരക്ഷിതമാണെന്നും ആർക്കും പെട്ടെന്ന് എത്തിപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈബർ ഭീഷണികളുടെ പിന്നിൽ ആരെന്ന് കണ്ടെത്തുക ദുഷ്‌കരമാണ്. ചൈന ഞങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു, എന്നാൽ അവർ പരാജയപ്പെടുകയാണുണ്ടായതെന്നും ഐ.എസ്ആർഒ പറയുന്നു.
ശത്രുവിന്റെ സ്‌പേസ് സംവിധാനങ്ങൾ തകർക്കുന്ന രീതിയിലുള്ള കൗണ്ടർ സ്‌പേസ് സംവിധാനങ്ങളാണ് ചൈനയ്ക്കുള്ളതെന്നാണ് സി.എ.എസ്.ഐ റിപ്പോർട്ട് പറയുന്നത് 2019 മാർച്ച് 27ന് ഇന്ത്യ ആന്റി സാറ്റലൈറ്റ് മിസൈൽ സാങ്കേതിക വിദ്യ പ്രദർശിപ്പിച്ചിരുന്നു. ശത്രു സാറ്റലൈറ്റുകളെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കാനുള്ള 'കൈനറ്റിക് കിൽ' സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്.
എന്നാൽ കോ– ഓർബിറ്റൽ സാറ്റലൈറ്റുകൾ, ആന്റി സാറ്റലൈറ്റ് മിസൈലുകൾ, ജാമർ എന്നിവ ഉൾപ്പെട്ട മറ്റ് അനവധി കൗണ്ടർ സ്‌പേസ് സാങ്കേതിക വിദ്യകൾ ചൈനയ്ക്ക് ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ ആന്റിസാറ്റലൈറ്റുകൾക്ക് സ്‌പേസ് ക്രാഫ്ടുകളെ നിയന്ത്രിക്കുന്ന മുഴുവൻ സംവിധാനങ്ങളെയും ഹൈജാക്ക് ചെയ്യാൻ കഴിയുമെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർനീഗ് എൻഡൗമെന്റ് ഫോർ ഇന്റർനാഷനൽ പീസ് 2019ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഇതിനു പുറമേ ശത്രുസാറ്റലൈറ്റുകളെ നിശബ്ദമാക്കാനുള്ള സാങ്കേതിക വിദ്യ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.